Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ : അരണാട്ടുകര ലൂങ്സ് ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന തൃശൂര്‍ പ്രസ് ക്ലബിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓള്‍ റൗണ്ട് മികവില്‍ തിളങ്ങി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും, ജലപീരങ്കിയെന്ന പോലെ റണ്‍സൊഴുക്കി ബാറ്റിംഗ് പാടവവുമായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയും, സെമി ഫൈനലില്‍ 29 റണ്‍സും രണ്ടു വിക്കറ്റുമായി കളക്ടര്‍ മാന്‍ ഓഫ് ദ മാച്ചായി. ഓപ്പണറായി ഇറങ്ങി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചപ്പോള്‍ ബൗളിംഗില്‍  ഡി.ഐ.ജി ഹരിശങ്കറും തിളങ്ങി. ഓഫീസേഴ്സ് ഇലവന് വേണ്ടിയായിരുന്നു മൂവരുടെയും മിന്നും പ്രകടനം. ലഹരിയെ ചെറുക്കാന്‍ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശമുയര്‍ത്തിയായിരുന്നു ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ടൂര്‍ണമെന്റില്‍ എക്‌സൈസ് ഇലവന്‍ ജേതാക്കളായി. എക്‌സൈസ് ഇലവന്‍ ആറ് വിക്കറ്റിനാണ് ഓഫീസേഴ്‌സ് ഇലവനെ പരാജയപ്പെടുത്തിയത്. ഓഫീസേഴ്‌സ് ഇലവന്‍ 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്ത എക്‌സൈസ് ഇലവന്‍ 6.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്ത് ട്രോഫി നേടി. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചും,
മാന്‍ ഓഫ് ദ സീരീസുമായി എക്‌സൈസ് ഇലവനിലെ വിശാല്‍.ടി.വി യെ തിരഞ്ഞെടുത്തു. ഓഫീസേഴ്‌സ് ഇലവനും പ്രസ്സ് ക്ലബുമായി നടന്ന മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി ഓഫീസേഴ്‌സ് ഇലവനിലെ ടീം ക്യാപ്റ്റന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും , കോര്‍പ്പറേഷന്‍ ഇലവനും എക്‌സൈസും നടന്ന മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി എക്‌സൈസിലെ അഖില്‍ മോഹനും തെരഞ്ഞെടുത്തു.
സബ് കളക്ടര്‍ അഖില്‍ വി. മേനോനും എ.എസ്.പി: ഹാര്‍ദിക് മീണയും കളിക്കാനിറങ്ങി. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ ബാറ്റ് ചെയ്ത് നിര്‍വഹിച്ചു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അദ്ധ്യക്ഷനായി.

കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡി.ഐ.ജി: എസ്. ഹരിശങ്കര്‍, എ.എസ്.പി: ഹാര്‍ദിക് മീണ, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ. രാമനാഥന്‍, അഡ്വ. അനീസ്, ശ്രീലാല്‍ ശ്രീധര്‍, പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലന്‍, സ്പോര്‍ട്സ് കണ്‍വീനര്‍ ബി. സതീഷ് എന്നിവര്‍ പങ്കെടുത്തു. മേയര്‍ എം.കെ. വര്‍ഗീസ്, കെ.എം.പി ബില്‍ഡേഴ്സ് എം.ഡി കെ.എം. പരമശ്വരന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. റോയി എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.

ഓഫീസേഴ്സ് ഇലവനെ കൂടാതെ എക്സൈസ് ഇലവന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ ടീമായ ലീഡേഴ്സ് ഇലവന്‍, തൃശൂര്‍ പ്രസ് ക്ലബ് ഇലവന്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

Leave a Comment

Your email address will not be published. Required fields are marked *