Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരിലടക്കം വടക്കന്‍, മധ്യമേഖലകളില്‍ ആഘോഷമായി ഇന്ന് കലാശക്കൊട്ട്

തൃശൂര്‍: സംസ്ഥാനത്തിന്റെ  വടക്കന്‍മേഖലയിലും തൃശൂര്‍ അടക്കമുള്ള മധ്യമേഖലയിലും ഇന്നു ആവേശത്തിമര്‍പ്പിന്റെ കൊട്ടിക്കലാശം. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഇന്നാണു പ്രചാരണത്തിന്റെ  കലാശക്കൊട്ട്. മേഖലയില്‍ ഇന്നു വൈകീട്ട് ആറോടെ പരസ്യപ്രചരണത്തിനു സമാപനമാകും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ കോര്‍പറേഷന്‍, നഗരസഭ, ബ്ലോക്ക്- ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം നടക്കും.

തൃശൂര്‍ കോര്‍പറേഷനിലെ കൊട്ടിക്കലാശത്തിനു വൈകീട്ടോടെ സ്വരാജ്റൗണ്ടില്‍ തുടക്കമാകും. വിവിധ മുന്നണികള്‍ക്കു വ്യത്യസ്തസ്ഥലങ്ങളാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കോര്‍പറേഷന്‍ ഓഫിസിനുമുമ്പില്‍ ഇടതുമുന്നണിയും ജോസ് തിയറ്ററിനടുത്തു യുഡിഎഫും അണിനിരക്കും. രാഗം തിയറ്റര്‍ പരിസരത്താണ് എന്‍ഡിഎയുടെ പ്രചാരണം.
വിവിധ മുന്നണികളുടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൊട്ടിക്കലാശം വര്‍ണാഭമാക്കും. റോഡ് ഷോകളും ബൈക്ക് റാലികളും ബാന്‍ഡ് വാദ്യമേളങ്ങളുമടക്കം ഒരുക്കിയിട്ടുണ്ട്.

മുന്‍പ് തിരഞ്ഞെടുപ്പുകളില്‍  എല്ലാ മുന്നണികളും കോര്‍പറേഷന്‍ ഓഫീസിനടുത്തായിരുന്നു കലാശക്കൊട്ട്.  സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി ഓരോ മുന്നണികള്‍ക്കും വ്യത്യസ്തമേഖലകളാണു നല്‍കുന്നത്. നാളെ നിശ്ശബ്ദ പ്രചാരണമാണ്. സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിക്കും. മൊബൈലിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം കൊഴുപ്പിക്കും.

സംഘര്‍ഷം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ നടക്കുന്ന കലാശക്കൊട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. പ്രകടനങ്ങള്‍ അതിരുവിട്ടാല്‍ കടുത്ത നിയമനടപടികള്‍ വ്യക്തികളും മുന്നണികളും നേരിടേണ്ടിവരും.

Leave a Comment

Your email address will not be published. Required fields are marked *