തൃശൂർ : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. എല്ലാ വോട്ടര്‍മാരും പോളിംഗ് സ്‌റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും സമാധാനപരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് സഹകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2204 വാര്‍ഡ്/ നിയോജകമണ്ഡലങ്ങളിലായി 7208 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 3395 പുരുഷന്‍മാരും 3813 വനിതകളും സ്ഥാനാര്‍ത്ഥികളായുണ്ട്.
അന്തിമ വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് ജില്ലയിലാകെ 27,36,817 വോട്ടര്‍മാരാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 14,59,670 പേര്‍ സ്ത്രീകളും 12,77,120 പേര്‍ പുരുഷന്മാരുമാണ്. 54,204 പേര്‍ കന്നി വോട്ടര്‍മാരാണ്. 27 വോട്ടര്‍മാര്‍ ഭിന്നലിംഗക്കാരും 280 പ്രവാസി വോട്ടര്‍മാരുമാണ്.
ജില്ലയിലാകെ 3282 പോളിംഗ് സ്റ്റേഷനുകളാണുളളത്. പോളിങ് ഡ്യൂട്ടിക്കായി 15,753 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 3282 പ്രിസൈഡിംഗ് ഓഫീസര്‍മാരെയും 3282 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയും 6564 പോളിംഗ് ഓഫീസര്‍മാരെയുമാണ് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുളളത്. 20 ശതമാനം ഉദ്യോഗസ്ഥരെ റിസര്‍വ്വായും നിയമിച്ചിട്ടുണ്ട്. 4757 പോലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
ജില്ലയില്‍ ആകെ 24 വോട്ടിംഗ് മെഷനീന്‍ വിതരണ/ സ്വീകരണ കേന്ദ്രങ്ങളും 24 സ്ട്രോംഗ് റൂമുകളും ഉണ്ട്. 13,158 ബാലറ്റ് യൂണിറ്റുകളും 4,572 കണ്‍ട്രോള്‍ യൂണിറ്റുകളും (25 ശതമാനം റിസര്‍വ്) ഉള്‍പ്പെടെയാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. സെക്ടര്‍ ഓഫീസര്‍മാരുടെ ചുമതലയില്‍ 20 പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി 214 സെക്ടറുകള്‍ രൂപീകരിച്ചിട്ടുണ്ട്. നാളെ രാവിലെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും.
തിരഞ്ഞെടുപ്പ് പരസ്യപ്രചരണം ഇന്ന് അവസാനിച്ചു. ഡിസംബര്‍ 11 ന് രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് സമയം. വൈകീട്ട് 6 മണി വരെ വരിയിലുള്ള എല്ലാ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കും.
ജില്ലയിലാകെ 25 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി ഡിസംബര്‍ 13 ന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ് റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലാണ് നടക്കുക.
പോളിംഗ് ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്‍ ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്‍ ഡ്യൂട്ടിയിലുളള മറ്റ് ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് വരണാധികാരിക്ക് നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകളാകും എണ്ണുക.
പോളിങ് സ്‌റ്റേഷന്‍, വിതരണ/ സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ 11-ാം തിയതി ജില്ലയിലെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് 12-ാം തീയതി ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടുണ്ട്.
ഡിസംബര്‍ 12-ാം തീയതി സ്ട്രോംഗ് റൂം/ കൗണ്ടിംഗ് കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.
പോളിംഗിന്റെ തലേ ദിവസമായ ഡിസംബര്‍ 10-ാം തീയതി രാവിലെ 6 മണി മുതല്‍ 48 മണിക്കൂറും, കൗണ്ടിംഗ് ദിനമായ 13-ാം തീയതിയും ഡ്രൈ ഡേ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തുക















