തിരുവനന്തപുരം: ശമ്പളപരിഷ്‌ക്കരണമടക്കം വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഗവ.മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിച്ചു. ലേബര്‍ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെയുള്ള മുഴുവന്‍ ഡ്യൂട്ടിയില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനിന്നതോടെ രോഗികള്‍ വലഞ്ഞു. ഇന്ന് ദീപാവലി അവധിയായതിനാല്‍ മെഡി.ആശുപത്രികളില്‍ രോഗികളുടെ തിരക്കുണ്ടായിരുന്നു.
ശമ്പള കുടിശിക ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം
ശമ്പള-ക്ഷാമബത്ത കുടിശ്ശിക നല്‍കുക, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 28 മുതല്‍ റിലേ അടിസ്ഥാനത്തില്‍ സമരം നടത്തുമെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നല്‍കി.