നിയമപോരാട്ടത്തിന് ഒരുങ്ങി കെ-റെയില്‍ സില്‍വര്‍ ലയിന്‍ വിരുദ്ധസമരസമിതി
തൃശൂര്‍: കേരളത്തില്‍ നടപ്പാക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ 64,000 കോടിയുടെ സില്‍വര്‍ ലൈന്‍ ( കെ-റെയില്‍ സെമി ഹൈസ്പീഡ് റെയില്‍ ) പ്രോജക്ടിനെതിരേ കെ-റെയില്‍ സില്‍വര്‍ ലയിന്‍ വിരുദ്ധസമര സമിതി നിയമപോരാട്ടത്തിലേക്ക്.
സംസ്ഥാനത്തെ ട്രെയിന്‍ യാത്രക്കാര്‍ക്ക്് യാതൊരു പ്രയോജനമില്ലാത്തതും, നിലവിലെ റെയില്‍ സംവി്ധാനവുമായി യാതൊരു ബന്ധമില്ലാത്തതുമായ റെയില്‍ മാത്രമാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സില്‍വര്‍ ലൈന്‍ എന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു.
കിലോ മീറ്ററിന് 2.75 രൂപയായിരിക്കും മിനിമം യാത്രാക്കൂലി. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 1,450 രൂപ യാത്രാക്കൂലി വരും.
്‌സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് മൊത്തം 1.26 ലക്ഷം കോടി രൂപ ചിലവ് വരുമെന്ന് നീതി ആയോഗ്് പറയുന്നു. അങ്ങനെയെങ്കില്‍ കാസര്‍ഗോഡ് ടു തിരുവനന്തപുരം യാത്രാക്കൂലി 3,000 രൂപ വരും. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ വഴി കാസര്‍ഗോഡ്- തിരുവനന്തപുരം യാത്രാചാര്‍ജ് 350 രൂപയും, കണ്ണൂര്‍- തിരുവനന്തപുരം വിമാനയാത്രാക്കൂലി 2,000 രൂപയുമാണ്.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരും പണം മുടക്കാന്‍ തയ്യാറല്ല. സംസ്ഥാന സര്‍ക്കാര്‍ തന്നെ പണം കണ്ടെത്തണം. പദ്ധതിക്കുള്ള 64,000 കോടിയില്‍ 33,000 കോടി ജപ്പാനിലെ ജെ.ഐ.സി.എ ബാങ്കില്‍ നിന്നും കടമെടുക്കണം. ഭൂമി ജപ്പാന്‍ ബാങ്കില്‍ പണയപ്പെടുത്തിയാല്‍ മാത്രമേ പണം ലഭിക്കൂ. ഇതിന് 20,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. ഒടുവില്‍ ഭീമമായ കടഭാരം ജനങ്ങള്‍ തന്നെ ചുമക്കേണ്ടി വരും.
പദ്ധതി നടപ്പാക്കുന്നത് വന്‍ പരിസ്ഥിതി ആഘാതത്തിനും ഇടയാക്കും. 530 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് സില്‍വര്‍ ലൈന്‍ പാത. 88 കിലോ മീറ്റര്‍ ആകാശപാതയായിരിക്കും. 11 കിലോ മീറ്റര്‍ പാലങ്ങളും, 11.5 കിലോ മീറ്റര്‍ തുരങ്കങ്ങളും ആയിരിക്കും.
ഇരുപതിനായിരത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമാകും. 1,200-ല്‍ പരം റോഡുകള്‍ അടച്ചിടേണ്ടി വരും. 60 കിലോ മീറ്ററിലധികം നീളമുളള അരുവികള്‍, തോടുകള്‍, നദികള്‍, നീര്‍ത്തടങ്ങള്‍ എന്നിവ നശിക്കും. സ്ഥൂലാകൃതിയിലുള്ള കേരളത്തില്‍ റെയില്‍ പോകുന്ന സ്ഥലത്ത് ഇരുവശത്തും 8 മീറ്ററിലധികം ഉയരത്തില്‍ കരിങ്കല്‍ഭിത്തി കെട്ടി ഉയര്‍ത്തുന്നത് മൂലം കേരളം രണ്ടായി വിഭജിക്കപ്പെടും.
തൃശൂര്‍ ജില്ലയിലെ അവണിശ്ശേരി പഞ്ചായത്തില്‍ 1,14 വാര്‍ഡുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകന്നത്. ഇരുന്നൂറോളം കുടുംബങ്ങളെ ഇത് ദോഷകരമായി ബാധിക്കും. കൂടാതെ ശങ്കരമംഗലം, അയ്യന്‍കുന്ന്, കോടന്നൂര്‍, വെങ്ങിണിശ്ശേരി നിവാസികളെയും ഇത് പരോക്ഷമായി ബാധിക്കുന്നു. വര്‍ഷക്കാലത്ത് വെള്ളക്കെട്ടിനും, പ്രളയത്തിനും പദ്ധതി കാരണമാകുമെന്ന്് നാട്ടുകാര്‍ ഭയപ്പെടുന്നു.
അതിവേഗം ബഹുദൂരം യാത്ര സില്‍വര്‍ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. അതായത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്രാസമയം നാല് മണിക്കൂറായി കുറയുമെന്നാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും പറയപ്പെടുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ പല ട്രെയിനുകളും ഇപ്പോള്‍ 160 കിലോ മീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. 2015- ഓടെ എല്ലാ എക്‌സ്പ്രസ് ട്രെയിനുകളും 160 കിലോ മീറ്റര്‍ സ്പീഡിലാക്കുമെന്ന് റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ യാത്രാ ചിലവ് കുറഞ്ഞ ഇന്ത്യന്‍ റെയില്‍വേ തന്നെയല്ലേ ലാഭം എന്നതാണ് സമരസമിതി ഭാരവാഹികൾ മുന്നോട്ട് വയ്ക്കുന്ന വാദം.