തൃശൂര്‍:- കോര്‍പ്പറേഷന്‍ കൃഷ്ണാപുരം ഡിവിഷന്‍ കൗണ്‍സിലറായ ബീന മുരളിയെ സി പി ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടിയുടെ സംഘടനാ അച്ചടക്കത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് ബീന മുരളി നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ പങ്കെടുക്കേണ്ട പ്രധാനപ്പെട്ട യോഗങ്ങളില്‍പോലും പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്ന രീതിയാണ് സ്വീകരിച്ചു വന്നിരുന്നത്.
2005 മുതല്‍ തുടര്‍ച്ചയായി തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയും ജയിച്ചുവന്നതിനുശേഷം ഒരു ടേമില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആക്കുകയും ചെയ്തു. പാര്‍ട്ടി ഉന്നതപദവികള്‍ നല്‍കി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തികഞ്ഞ അച്ചടക്കലംഘനവും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും ജനങ്ങളെ അപമാനിക്കുകയുമാണ് ബീന മുരളി ചെയ്തിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരം പഴയ നടത്തറ ഡിവിഷന്‍ പൂര്‍ണമായും കൃഷ്ണാപുരം ഡിവിഷന്റെ ഏതാനും ഭാഗങ്ങളും കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ കൃഷ്ണപുരം ഡിവിഷന്‍ ജനതാദള്‍ (എസ്) ന് മത്സരിക്കാന്‍ നല്‍കിയിട്ടുള്ള സീറ്റാണ്. എല്‍ ഡി എഫ് തീരുമാനത്തിന് വിരുദ്ധമായി കൃഷ്ണാപുരം ഡിവിഷനില്‍ മത്സരിക്കാനുള്ള ആവശ്യം പാര്‍ട്ടിയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് മൂന്ന് ടേം മത്സരിച്ചവര്‍ സ്വയം മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന കമ്മ്യൂണിസ്റ്റ് മൂല്യബോധം അംഗീകരിക്കാനും അവര്‍ തയ്യാറായില്ല.
പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ബീന മുരളിയുടെ നടപടി പാര്‍ട്ടി അംഗത്തിന് യോജിക്കുന്നതല്ല. പാര്‍ട്ടി മണ്ഡലം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ബീന മുരളിയെ സി പി ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതിന് തീരുമാനിച്ചു.
















