തൃശൂര്‍: കേരളം ദുരിതത്തിലായപ്പോഴെല്ലാം കേരളം നശിക്കട്ടെ എന്ന മാനസിക അവസ്ഥയിലായിരുന്നു ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറും സംസ്ഥാനത്തെ പ്രതിപക്ഷവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂരിലെ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പതിനായിരങ്ങളാണ് എല്‍ഡിഎഫ് ജില്ലാ റാലിക്കായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ 9 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിലയിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുകയാണെന്നും ഓരോ വര്‍ഷവും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ വര്‍ഷവും സര്‍ക്കാര്‍ എത്രത്തോളം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ജനങ്ങളെ അറിയിച്ചിരുന്നു. ഓരോ വര്‍ഷവും നല്‍കിയ വാഗ്ദാനങ്ങള്‍ എത്ര പൂര്‍ത്തിയായി എന്ന് വിലയിരുത്താന്‍ ജനങ്ങള്‍ക്ക് അതിലൂടെ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിന് അനുസരിച്ച് ഓരോ മേഖലയും ശക്തിപ്പെടേണ്ടതുണ്ട്. നവോത്ഥാന കാലത്തെ തുടര്‍ന്ന് വിദ്യാഭ്യാസത്തില്‍ നന്നായി ശ്രദ്ധിച്ചു വരികയായിരുന്നു. 1957 ലെ ഇഎംഎസ് സര്‍ക്കാരാണ് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. ആദ്യ സര്‍ക്കാറാണ് സ്‌കൂളുകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന്റെ തുടര്‍ച്ചയായി വിദ്യാഭ്യാസ രംഗത്ത് വലിയ ഉയര്‍ച്ചയുണ്ടായി. 2016 ആയപ്പോള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പിന്നോട്ട് പോക്കുണ്ടായി. എന്നാല്‍, യുഡിഎഫില്‍ നിന്നും ഭരണം ഏറ്റെടുത്ത് വിദ്യാഭ്യാസ മേഖലയെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ച്ചയിലെത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്ന് അഞ്ച് ലക്ഷം കുട്ടികള്‍ 2016 ആയപ്പോഴേക്കും കൊഴിഞ്ഞു പോയിരുന്നു. ഇടത് സര്‍ക്കാര്‍ 5000 കോടി രൂപ പൊതുവിദ്യാഭ്യാസ മേഖലയില്‍ ചിലവിട്ടു. 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതായും അദ്ദേഹം പറഞ്ഞു.
2016 ല്‍ യുഡിഎഫ് സര്‍ക്കാരാണ് അധികാരത്തില്‍ വന്നതെങ്കില്‍ കേരളത്തിന് ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍, മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു എന്നിവരും മറ്റ് മുന്നണി നേതാക്കളും സംസാരിച്ചു.