തിരുവനന്തപുരം: സംഘടനാപ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഐയില്‍ അണികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പ്രാദേശിക നേതാക്കള്‍ അടക്കമാണ് കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. കൊല്ലത്ത് ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതായാണ് വിവരം. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തന്‍ നാസര്‍ അടക്കമാണ് പാര്‍ട്ടി വിടുന്നത്.
കുന്നിക്കോട് മണ്ഡലം കമ്മറ്റിയ്ക്ക് കീഴിലുള്ള നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരും. സിപിഐ വിട്ട് എത്തുന്നവര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ സ്വീകരണം ഇന്ന് നടക്കും.
കൊല്ലത്തിന് പിന്നാലെ തിരുവനനന്തപുരത്തും പത്തനംതിട്ടയിലും സിപിഐയില്‍ നിന്ന് കൂട്ടരാജി ഉണ്ടായി . തിരുവനന്തപുരം ജില്ലയിലെ മീനാങ്കല്‍ പ്രദേശത്ത് നിന്ന് നൂറോളം പേരാണ് സിപിഐവിട്ടത്. പത്തനംതിട്ടയിലെ ചെന്നീര്‍ക്കരയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി അടക്കം 16 പേര്‍ രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നു.
മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത്്് സിപിഐയിലെ പ്രവര്‍ത്തകരുടെ കൂട്ടരാജിയുണ്ടായത്. മീനാങ്കല്‍ എ,ബി ബ്രാഞ്ചുകളില്‍ അംഗങ്ങളായ 40 പേര്‍ രാജിവെച്ചു. എഐടിയുസി ഹെഡ് ലോഡ് യൂണിയനില്‍ അംഗങ്ങളായ 30 പേരും വര്‍ഗ ബഹുജന സംഘടനകളായ എഐവൈഎഫ്, എഐഎസ്്എഫ് മഹിളാ ഫെഡറേഷന്‍ എന്നിവയില്‍ അംഗങ്ങളായവരും രാജിവെച്ചിട്ടുണ്ട്.പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു.
മന്ത്രി ജി.ആര്‍.അനിലിനെതിരായ പ്രതിഷേധമാണ് രാജിയിലൂടെ പ്രകടമാകുന്നത് പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കരയില്‍ സിപിഐലോക്കല്‍ സെക്രട്ടറി അടക്കം 16പേര്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കും കടയ്ക്കലിനും പിന്നാലെ തിരുവനനന്തപുരത്തും പത്തനംതിട്ടയിലും കൂട്ടരാജി നടന്നത് സംസ്ഥാന സിപിഐ നേതൃത്വത്തിന് വന്‍ ആഘാതമായി. ജില്ലാ സെക്രട്ടറി പി.എസ് സുപാലിന്റെ ഏകപക്ഷീയ നീലപാടുകളാണ് കടയ്ക്കലിലും കുണ്ടറയിലും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയതെന്നാണ് വിവരം. സംസ്ഥാന കൗണ്‍സില്‍ ഉടന്‍ വിളിച്ചുചേര്‍്ക്കാനുള്ള തിരക്കിലാണിപ്പോള്‍ സംസ്ഥാന നേതൃത്വം.