തൃശൂർ: 1921ൽ നടന്ന മലബാർ കലാപത്തിന്റെ ഇരകളുടെ പിന്മുറക്കാർ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടെന്നു കലാപത്തെ സ്വാതന്ത്ര്യസമരമായി വ്യാഖ്യാനിച്ച് വെള്ളപൂശുന്ന നവചരിത്രകാരന്മാരും, ബുദ്ധിജീവികളും, രാഷ്ട്രീയക്കാരും അത് മറക്കരുത് എന്നും മലബാർ കലാപത്തിന്റെ ഇരയായ പ്രശസ്ത നർത്തകി കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ ചെറുമകൾ സ്മിത രാജൻ. കലാപ സമയത്ത് ബാലികയായിരുന്ന തന്റെ മുത്തശ്ശി കരിങ്ങമണ്ണ തറവാട്ടിൽ മതഭ്രാന്തർ എത്തിയ രാത്രി ഇരുട്ടിൻറെ മറവിൽ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും അന്ന് ആറു വയസ്സിൽ തന്റെ മുത്തശ്ശിയുടെ മനസ്സിൽ പതിഞ്ഞ ഭീതി തലമുറകളായി വീട്ടിൽ പകർന്നിട്ടുണ്ടെന്നും പ്രശസ്ത മോഹിനിയാട്ടം നർത്തകി കൂടിയായ സ്മിതാ രാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.തന്റെ അമ്മൂമ്മയ്ക്ക് ലഭിച്ച ഭാഗ്യം മറ്റു പല ഹതഭാഗ്യർക്കുണ്ടായില്ലെന്നും അവർ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു എന്നും കുറിപ്പിൽ പറയുന്നു.
പിന്നീടൊരിക്കൽ അമ്മൂമ്മക്കൊപ്പം കരിങ്ങമണ്ണ തറവാട്ടിൽ പോയെന്നും അന്ന് അവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബത്തോട് അഭ്യർത്ഥിച്ച് തറവാട്ടിനുള്ളിൽ പ്രവേശിച്ചു എന്നും ആ സമയം കലാപത്തിന്റെ ഓർമ്മകൾ ഉള്ളിലൊതുക്കി തന്റെ അമ്മൂമ്മ പുറത്തുനിന്നത് ഇന്നും താൻ വേദനയോടെ ഓർക്കുന്നു എന്നും സ്മിത രാജൻ പറയുന്നു.
സ്മിത രാജന്റെ ഫേസ്ബുക് കുറിപ്പ്
1921 കലാപ ഭൂമിയിൽ നിന്നും രക്ഷപ്പെട്ട് പ്രാണരക്ഷാർത്ഥം പറിച്ചുനട്ടപ്പെട്ട ഒരു ബാല്യം. കരിങ്ങമണ്ണ തറവാട്ടിലെ നിർമ്മലമായ ബാല്യകാലം, അവിചാരിതമായി ആ തറവാട്ടു മുറ്റത്ത് മതഭ്രാന്ത് തലക്കുപിടിച്ച ഒരുകൂട്ടം വളഞ്ഞപ്പോൾ, രാത്രിയുടെ മറവിൽ ആരുടേയോ തണലിൽ വീടിൻ്റെ പിന്നാമ്പുറത്തെ പടർപ്പിലൂടെ ഓടി രക്ഷപ്പെട്ട ഒരു ആറു വയസുകാരി. ഉമ്മറപ്പടിയിൽ ഭിഷണിയുടെ സ്വരം നിറഞ്ഞപ്പോൾ അപകടം മനസ്സിലാക്കിയ കാരണവർ… സ്ത്രീകളെയും കുഞ്ഞുങ്ങളേയും വീടിൻ്റെ പുറം വാതിൽ വഴി കാട്ടിലേയ്ക്ക് ഓടി രക്ഷപ്പെടുവാൻ തരപ്പെടുത്തി. ഭീകരത താണ്ഡവമാടിയ ആ രാത്രിയിൽ പ്രാണരക്ഷാർത്ഥം ഇരുളിൻ്റെ മറവിൽ നദി കടന്ന് ആ മനുഷ്യക്കൂട്ടം സ്വന്തം മണ്ണും തറവാടും വിട്ട് ഓടി രക്ഷപെട്ടു. അത് സാധ്യമാകാത്ത അനേകം ഹതഭാഗ്യർ നിഷ്ക്കരുണം കൊല്ലപ്പെട്ടു. പ്രാണരക്ഷാർത്ഥം സ്വന്തം തറവാട് ഉപേക്ഷിച്ചു മറ്റൊരു ദിക്കിലേക്ക് ഓടി രക്ഷപെട്ട കരിങ്ങമണ്ണ തറവാട്ടിലെ ആ ആറു വയസുകാരിയാണ് കേരളത്തിൻ്റെ സാംസ്ക്കാരിക നായികയായി മാറിയ സാക്ഷാൽ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ.ആ കുഞ്ഞു മനസ്സിൻ പതിഞ്ഞ ഭീതി അമ്മമ്മയുടെ വാക്കുകളിലൂടെ എന്നിൽ പകർന്നിട്ടുണ്ട്.
വര്ഷങ്ങള്ക്കു ശേഷം, അമ്മമ്മ പറഞ്ഞു തന്ന ആ തറവാടിന്റെ ഉൾ മുറികളും വരാന്തകളും ചാരുപാടികളും ഒരു നോക്ക് കാണാൻ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അമ്മമ്മ തന്നെ ആ തറവാട്ടു മുറ്റത്തു വരെ എത്തി, അന്നവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബാങ്കങ്ങളോട് അഭ്യർഥിച്ചു കൊച്ചു മകൾക്കായി ആ അവസരം ഒരുക്കി തന്നു. ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉള്ളിലൊതുക്കി അമ്മമ്മ പുറത്തു നില്കുന്നത് ഇന്നും വേദനയോടെ ഞാൻ ഓർക്കുന്നു.
സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമെന്ന് പറഞ്ഞ് വ്യാഖ്യനിക്കാനും വെള്ളപൂശാനും ശ്രമിക്കുന്ന നവ ചരിത്രകാരൻമാരും, ബുദ്ധിജീവികളും, നാട് വാഴികളും…അന്നത്തെ ഭീകരതയുടെ ഇരകളുടെ ഒരു പിൻതലമുറ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മറക്കരുത്. ഇവർ കഷ്ടപ്പെട്ട് പ്രകടിപ്പിക്കുന്ന സവിശേഷ ബുദ്ധിയല്ല വെറും സാമാന്യബുദ്ധി മാത്രം മതി സത്യം മനസ്സിലാക്കുവാൻ. സത്യസന്ധമായ ചരിത്ര പഠനം തെറ്റുകൾ ആവർത്തിക്കാതിരിക്കുവാൻ വരും തലമുറയ്ക്ക് വഴികാട്ടിയാവട്ടെ…
Photo Credit: Face Book