തൃശൂർ: ജില്ലയിലെ വിവിധ റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസ്സുകള്‍ നിയമലംഘനം നടത്തിയാല്‍ തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. നിയമനടപടി സ്വീകരിക്കുന്നതിനായി തൃശ്ശൂര്‍ സിറ്റി, റൂറല്‍ പോലീസ് മേധാവിമാര്‍ക്കും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗം, മത്സരയോട്ടം, ബസ് ജീവനക്കാര്‍ക്കിടയിലെ ലഹരി ഉപയോഗം, സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍, അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കി മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തി സര്‍വ്വീസ് നടത്തുക തുടങ്ങി നിരവധി പരാതികള്‍ ലഭിച്ചതിന്റെ പശ്ചാതലത്തിലാണ് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ആവശ്യമുള്ള റൂട്ടുകളില്‍ ബസുകളുടെ സമയക്രമം പുതുക്കി നിശ്ചയിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. നിയമലംഘനം നടത്തുന്ന ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കല്‍, ബസ്സകളുടെ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും സ്വകാര്യ ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ കൃത്യമായി പരിശോധിച്ച് അമിതവേഗവും മറ്റു നിയമലംഘനങ്ങളും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
















