തൃശൂര്‍: കുറുപ്പം റോഡില്‍ പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ്്് കച്ചവടക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി. പലയിടത്തും നടപ്പാതയില്ലാത്തതാണ് കാല്‍നടയാത്രക്കാരെ വലയ്ക്കുന്നത്. വാഹനത്തിരക്കിനിടെ വീതി കുറഞ്ഞ റോഡിലൂടെയുള്ള കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത് ഏറെ കഷ്ടപ്പെട്ടാണ്. പലയിടത്തും റോഡിലൂടെ നടക്കുന്ന യാത്രികരെ മുട്ടിയുരുമ്മിയാണ് വാഹനങ്ങള്‍ പോകുന്നത്. മഴ കനത്ത് പെയ്്താല്‍ ഇവിടെ കച്ചവടസ്ഥാപനങ്ങളില്‍ വെള്ളം കയറും. കോണ്‍ക്രീറ്റാക്കിയപ്പോള്‍ റോഡ് ഉയര്‍ന്നു. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ കച്ചവടസ്ഥാപനങ്ങളിലേക്ക് മഴവെള്ളം ഇരമ്പിയെത്തുന്നു.
ഞായറാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴയില്‍ കുറുപ്പം റോഡിലെ മിക്ക കടകളിലും വെള്ളംകയറിയത് നാശനഷ്ടങ്ങളുണ്ടാക്കി.ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയിലും വീട്ടുപകരണ വില്പനശാലയിലും ഹാര്‍ഡ്വെയര്‍ ഷോപ്പിലും വെള്ളം കയറി. കടകളിലെ ഉപകരണങ്ങള്‍ പലതും നനഞ്ഞു കേടുവന്നു. ഇന്നലെ കടകള്‍ അടച്ചിട്ട് വെള്ളം കോരിക്കളയുന്ന തിരക്കിലായിരുന്നു വ്യാപാരികളും ജീവനക്കാരും.
കൂടുതല്‍ ഉയരത്തില്‍ കടകള്‍ക്കുമുന്നിലെ തിണ്ട് കെട്ടിയുയര്‍ത്തേണ്ട അവസ്ഥയാണുള്ളതെന്നു കുറുപ്പം റോഡിലെ വ്യാപാരികള്‍ പറഞ്ഞു. ഇതിന് ന്‌ല്ലൊരു തുക വേണ്ടി വരും. കുറുപ്പം റോഡിന്റെ അശാസ്ത്രീയനിര്‍മാണവും പ്രശ്‌നങ്ങളും പണി നടക്കുമ്പോള്‍ തന്നെ വ്യാപാരികള്‍ ചൂണ്ടിക്കാണിച്ചതാണ്. കടകളിലേക്കുവരുന്നവര്‍ക്ക് വണ്ടികള്‍ പാര്‍ക്കു ചെയ്യാന്‍പോലും സൗകര്യമില്ലാത്ത വിധമാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്.
തൃശൂര്‍ കുറുപ്പം റോഡില്‍ കച്ചവടക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതം
