തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കിന് സമീപം നിയന്ത്രണംവിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിന്‍ (28) ആണ് മരിച്ചത്. അപകടത്തില്‍ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
അമിത വേഗതയിലായിരുന്ന ഥാര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്ന സംശയം പോലീസിനുണ്ട്. ഈ സംഘത്തില്‍ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രികര്‍ പറയുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
വാഹനം ഓടിച്ചിരുന്ന ബാലരാമപുരം സ്വദേശി ഷിബിനൊപ്പം മാരായമുട്ടം സ്വദേശി രജനീഷ് (27), പോങ്ങുംമൂട് സ്വദേശി കിരണ്‍ (29), സിവിആര്‍ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രാത്രി 12 ഓടെയാണ് അപകടം ഉണ്ടായത്. ഇവര്‍ മദ്യലഹരിയിലായിരുന്നതായാണ് വിവരം. അപകട സ്ഥലത്ത് പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എല്ലാവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തു.