തൃശൂര്‍: ഏകാന്തതയുടെ തുരുത്തില് വിധിയെ പഴിച്ച് കഴിയുന്ന നിരാശ്രയരായ അമ്മമാര്‍ക്ക് തണലും, തുണയുമായി ഇരിങ്ങാലക്കുട വെള്ളാനിയില്‍ പോളശ്ശേരി ഫൗണ്ടേഷന്റെ ഓള് ഏജ് ഹോം ഒരുങ്ങുന്നു. കരുണയുടെ കെടാവിളക്ക് തെളിയുന്ന ഈ കരുതലിന്റെ കൂട്ടില്‍ നിരാലംബരായ മുപ്പതോളം അമ്മമാര്‍ക്കാണ് സംരക്ഷണം.
മക്കളോ, ബന്ധുക്കളോ ആരും തിരിഞ്ഞുനോക്കാതെ നിരാശ്രയരായി കഴിയുന്ന അമ്മമാര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പോളശ്ശേരി ഫൗണ്ടേഷന് ചെയര്മാന് സുധാകരന് പോളശ്ശേരി പത്രസമ്മേളനത്തില്‍ പറഞ്ഞു
ആഗസ്റ്റ് 19ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട വെള്ളാനിയില്‍ ഓള്‍ഡ് ഏജ് ഹോം കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്.ബിന്ദു നിര്‍വഹിക്കും. ഓള് ഏജ് ഹോമിന്റെ നാമകരണം ടി.എന്‍.പ്രതാപന് എം.പി നിര്‍വഹിക്കും. ഫൗണ്ടേഷന്റെ മറ്റൊരു സംരംഭമായ ഗീതാഞ്ജലി സോഷ്യല്‍ ക്ലബിന്റെ ഉദ്ഘാടനം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വൈസ് പ്രിന്‍സിപ്പല്‍ ഡോ.ആനന്ദ്കുമാര്‍ നിര്‍വഹിക്കും. ചലച്ചിത്ര താരം മനോജ്.കെ.ജയന് മുഖ്യാതിഥിയായിരിക്കും. റിട്ട.ഐ.പി.എസ് ഓഫീസര്‍ പി.എന്‍.ഉണ്ണിരാജന് ഗീതാഞ്ജലി സോഷ്യല്‍ ക്ലബിന്റെ പ്രവര്‍ത്തനം വിശദീകരിക്കും.
പത്രസമ്മേളനത്തില്‍ ഡോ.അനില്‍ബാബു, കെ.കെ.സുകുമാരന്‍, സോണിയ ഗിരി, രമേശ് കോട്ടപ്പുറം, സുരജ്, അനുശ്രീ, ഗൗതം, ഡോ.അഭിലാഷ, ഷാജി എന്നിവര്‍ പങ്കെടുത്തു.
ഒറ്റപ്പെട്ടുപോകുന്ന അമ്മമാര്‍ക്ക് വേണ്ടി എങ്കിലും ചെയ്യണമെന്ന മോഹം പങ്കുവെച്ച് അകാലത്തില്‍ വിടപറഞ്ഞ കനകവല്ലി സുധാകരന്റെ ( ചെയര്മാന് സുധാകരന് പോളശ്ശേരിയുടെ ഭാര്യ) ആഗ്രഹ സാക്ഷാത്കാരമാണിത്. ഇരിങ്ങാലക്കുട ടൗണില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ വെള്ളാനിയില്‍, 2 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളുമായി 13000 സ്ക്വയര്‍ ഫീറ്റില്‍ ഏജ് ഹോം കെട്ടിടം സ്ഥിതി ചെയ്യുന്നത്.
മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ പുരോഗതി കൊണ്ടുവരികയെന്നതാണ് പോളശ്ശേരി ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്വപ്നം, വാര്‍ദ്ധക്യത്തില്‍ കുടുംബം ഉപേക്ഷിക്കുകയോ ഒറ്റയ്ക്ക് താമസിക്കുകയോ ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്ക്കും വേണ്ട സഹായം ചെയ്യാനും സ്ത്രീ ശാക്തീകരണത്തിന് വേണ്ട പദ്ധതികള്‍ നടപ്പിലാക്കാനും യുവതലമുറയുടെ ശോഭനമായ ഭാവിക്ക് വേണ്ട സംരംഭങ്ങള്‍ അവതരിപ്പിക്കാനും പോളശ്ശേരി ഫൗണ്ടേഷന് ലക്ഷ്യമിടുന്നു.