തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ വൈകിട്ട് മുതല്‍ പെയ്യുന്ന ശക്തമായ മഴ പല മേഖലകളിലും തുടരുകയാണ്. ഇന്നും മഴ തുടരും. നാല് അണക്കെട്ടുകള്‍ തുറന്നു. രണ്ട് പേരെ കാണാതായെന്ന്്് മന്ത്രി കെ.രാജന് അറിയിച്ചു. തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.
പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
തലസ്ഥാനത്ത് ഇന്നലെ വൈകിട്ട് മുതല്‍ പെയ്യുന്ന ശക്തമായ മഴ തുടരുകയാണ്. മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് എതിര്‍വശം തോട് കരകവിഞ്ഞെഴുകി. കുഴിവയല്‍, കോട്ടറ, ഗൗരീശപട്ടം, എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. തീരദേശമേഖലകളില്‍ കടലാക്രമണവും രൂക്ഷമാണ്. വര്‍ക്കലയില്‍ റോഡില്‍ തെങ്ങ് കടപുഴകി വീണു. ചെമ്പഴന്തി അണിയൂരിലും മരം വീണു. മലയോരത്ത് രാത്രിയാത്ര നിരോധിച്ചു. രാത്രി 7 മുതല്‍ രാവിലെ 6 വരെ യാത്ര പാടില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരോധനം ബാധകമല്ല. കയാക്കിങ്, കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്കു ശേഷം 2.30 ഓടെ ആരംഭിച്ച മഴ തോരാതെ പെയ്യുന്നു. ഇലന്തൂരിന് സമീപം ഒഴുക്കില്‍പ്പെട്ട് 71 കാരിയെ കാണാതായി. നാരങ്ങാനം സ്വദേശി സുധയെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചുരുളിക്കോട് മലവെള്ളപ്പാച്ചില്‍ ഉണ്ടായി. ഒരു കുന്നിടിഞ്ഞ് താഴെക്ക് വരുകയായിരുന്നു. 20 വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടിയ മേഖലയില്‍ തന്നെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇഞ്ചച്ചപ്പാത്ത് ഒലിച്ചുപോയതിനെത്തുടര്‍ന്ന് കൊക്കത്തോട് ഗ്രാമം ഒറ്റപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. അച്ചന്‍കോവില്‍, പമ്പ, കക്കാട്ട് ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.
കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് രാവിലെ മഴ കുറഞ്ഞു.
ഇടുക്കി ജില്ലയിലും കനത്തമഴയാണ് പെയ്യുന്നത്. കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ വിവിധയിടങ്ങളില്‍ ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായി. പോത്തിന്‍കണ്ടം എസ്.എന്‍.യു.പി. സ്കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. അപകടസമയത്ത് പതിനഞ്ചോളം വിദ്യാര്‍ഥികള്‍ വാഹനത്തിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കല്ലാര്‍ ഡാം ബുധനാഴ്ച വൈകിട്ട് തുറന്നിരുന്നു. ഇന്ന് രാവിലെ അടച്ചു. പുലര്‍ച്ചയോടെ മഴ ശമിച്ചു.
ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. ഭരണങ്ങാനം അയ്യമ്പാറ റോഡില്‍ കുന്നനാംകുഴിയിലാണ് കുട്ടി അപകടത്തില്‍ പെട്ടത്. പ്രദേശത്ത് വൈകിട്ട് കനത്ത മഴയാണ് ഉണ്ടായത്.
Photo Credit: Facebook