കൊച്ചി: കേരളകോണ്‍ഗ്രസ് ബി നേതാവായ കെ.ബി. ഗണേഷ്കുമാറും കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബര്‍ 29-ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആന്റണി രാജു രാജിവെച്ചൊഴിഞ്ഞ ഗതാഗതവകുപ്പ് കെ.ബി. ഗണേഷ്കുമാറിനും അഹമ്മദ് ദേവര്‍കോവിലിന്റെ തുറമുഖവകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നല്‍കിയേക്കും ഇടതുമുന്നണി ധാരണപ്രകാരമുള്ള മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമാണിത്. അന്ന് വൈകീട്ട് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് മുന്നണി യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് പ്രതികരിച്ചു.
മന്ത്രിസ്ഥാനം രണ്ടരവര്‍ഷം പങ്കുവെക്കണമെന്ന ധാരണ നടപ്പാക്കേണ്ട സമയത്തായിരുന്നു നവകേരളസദസ്സ് വന്നത്. അതുകൊണ്ടാണ് പുനഃസംഘടന നീണ്ടുപോയതെന്നും ഇ.പി. ജയരാജന് വ്യക്തമാക്കി. രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ഞായറാഴ്ച രാവിലെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. .