തൃശൂര്‍: ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അഡ്വ. അനീഷ്‌കുമാറിനെതിരെ പോലീസ് കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഐ.ജി മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ അടക്കം നൂറുകണക്കിന് പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്.
തൃശൂര്‍ ജില്ലാ പോലീസ് മോധാവിയും മറ്റും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അഡ്വ. അനീഷ്‌കുമാറിനെതിരെയുള്ള കേസെന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി.രമേശ് കുറ്റപ്പെടുത്തി. അനീഷിനെതിരെ കള്ളേക്കസെടുത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ററേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ മിന്നും ജയത്തില്‍ വിറലി പൂണ്ട ഇടതുപക്ഷവും, സര്‍ക്കാരും തൃശ്ശൂര്‍ ജില്ലയില്‍ ബി.ജെ.പിയെ ഭയപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. അത് വിലപ്പോവില്ലെന്നും രമേശ് പറഞ്ഞു. രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ സംസ്ഥാന അഭ്യന്തര വകുപ്പ് ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ നിയമപരമായി മാത്രമല്ല രാഷ്ട്രീയപരമായും നേരിടുമെന്നും എം.ടി.രമേശ് മുന്നറിയിപ്പ് നല്‍കി.
അനീഷ് കുമാറിനെതിരെ 107 വകുപ്പ് പ്രകാരം കേസെടുക്കാനുള്ള കാരണം പോലീസ് വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
സി.പി.എം നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമാണോ അനീഷ് കുമാറിനെതിരെ കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ ബി.ജെ.പിക്കറിയാം. അതല്ല പോലീസിന്റെ താല്‍പര്യമാണെങ്കില്‍ ഉദ്യോഗസ്ഥര്‍ അതിന് മറുപടി പറയേണ്ടി വരുമെന്നും എം.ടി. രമേശ് പറഞ്ഞു.
നാല്‍പതിലേറെ ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐക്കാര്‍ക്കെതിരെ പോലും 107 വകുപ്പ് പ്രകാരം കേസെടുക്കാന്‍ തയ്യാറാവാത്ത പോലീസ് ഒരു ക്രിമിനല്‍ കേസില്‍ പോലും പ്രതിയല്ലാത്ത അനീഷ് കുമാറിനെതിരെ ഈ വകുപ്പ് ചുമത്തിയത് എന്തടിസ്ഥാനത്തിലാണെന്നും എം.ടി.രമേശ് ചോദിച്ചു.
കരുവന്നൂരില്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട സിപിഎം ജില്ലാ നേതൃത്വം ജയിലില്‍ പോകാന്‍ വരി നില്‍ക്കുകയാണെന്നും രമേശ് പരിഹസിച്ചു.
അഡ്വ.ബി.ഗോപാലകൃഷ്ണന്‍, വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ,അഡ്വ.രവികുമാര്‍ ഉപ്പത്ത്, എം.എസ്.സമ്പൂര്‍ണ, അഡ്വ. സി.നിവേദിത, അഡ്വ. കെ.ആര്‍.ഹരി, ജസ്റ്റിന്‍ ജേക്കബ്, സുജയ് സേനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എ.ആര്‍. അജിഘോഷ്, പി.കെ. ബാബു, ബിജോയ് തോമസ്, അനീഷ് ഇയ്യാല്‍, സര്‍ജു തൊയക്കാവ്, ഐ.എന്‍. രാജേഷ്, എന്‍.ആര്‍. റോഷന്‍,ലോചനന്‍ അമ്പാട്ട്, ഡോ.വി.ആതിര, കവിത ബിജു, വിന്‍ഷി അരുണ്‍കുമാര്‍, ധന്യ രാമചന്ദ്രന്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, കെ.ആര്‍.അനീഷ് മാസ്റ്റര്‍, സബീഷ് മരുതയൂര്‍, വി.വി.രാജേഷ് ,ടോണി ചാക്കോള, വി.സി ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.