വാഷിങ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റത്.
അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റായാണ് ട്രംപ് വീണ്ടും സ്ഥാനം ഏറ്റെടുക്കുന്നത്. സകുടുംബം സെന്റ് ജോണ്‍സ് ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചാണ് ട്രംപ് തന്റെ ജീവിതത്തിലെ സുപ്രധാനമായ ദിവസം തുടങ്ങിയത്.
സ്ഥാനമൊഴിയുന്ന ജോ ബൈഡനും ക്യാപിറ്റോള്‍ മന്ദിരത്തില്‍ സന്നിഹിതനായിരുന്നു. പ്രശസ്ത ഗായകന്‍ ക്രിസ്റ്റഫര്‍ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
ഗാനാലാപനത്തിന് മുന്‍പ് തന്നെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അടക്കം രാജ്യത്തെ പ്രധാന വ്യക്തികള്‍ ചടങ്ങ് നടക്കുന്ന വേദിയിലേക്ക് എത്തി.
സത്യപ്രതിജ്ഞക്ക് സാക്ഷികളാകാന്‍ ലോക നേതാക്കളടക്കം വന്‍ നിരയാണ് എത്തിയത്.