ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി കേന്ദ്ര സര്‍ക്കാര്‍ . രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാല്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ലിറ്ററിന് 2 രൂപ എന്ന തോതിലാണ് വർധന. ഇതോടെ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 13 രൂപയും ഡീസലിന് 10 രൂപയും ആയി വർധിച്ചു.. ആഗോള ക്രൂഡ് ഓയിൽ വിലയിൽ വലിയ കയറ്റിറക്കങ്ങൾ നടക്കുന്നതും, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ സംബന്ധിച്ച അനിശ്ചിതാവസ്ഥയുമെല്ലാം ഈ തീരുമാനത്തിന് കാരണമായി . ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വില കൂട്ടി. സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഉജ്ജ്വല, പൊതുവിഭാഗം ഉപഭോക്താക്കൾക്ക് പാചക വാതക വില വർധിപ്പിച്ചതായി മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്ക് 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 503 രൂപയിൽ നിന്ന് 553 രുപ വർധിക്കും. മറ്റു ഉപഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 803 രൂപയിൽ നിന്ന് 853 രൂപ വില വർധിക്കും.