3720 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന NEET പരീക്ഷയ്ക്കായി 4 ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ 10 ഇൻസ്പെക്ടർമാരും 300 – ഓളം പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ച് കൊണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്.
രാജ്യത്തെ നൂറുകണക്കിനു വരുന്ന മെഡിക്കൽ, ഡെൻ്റൽ, ആയുഷ് കോഴ്സുകളിലേയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്ററിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു അടിസ്ഥാനമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ NEET പരീക്ഷയും നീറ്റ് റാങ്കും വലിയ പ്രാധാന്യമുള്ളതാണ്. ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് 4 ന് നടക്കുന്ന തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലുടനീളം സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂർ റൂറൽ പരിധിയിൽ 10 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുന്നുണ്ട്.
NEET 2025 പരീക്ഷയുമായി ബന്ധപ്പെട്ട് 4 ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ 10 ഇൻസ്പെക്ടർമാരും 300 – ഓളം പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ച് കൊണ്ട് തൃശ്ശൂർ റൂറൽ പോലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പരീക്ഷാ കേന്ദ്രങ്ങൾ : എടവിലങ്ങ് GHSS, കൊടുങ്ങല്ലൂർ GGHSS, എറിയാട് GKVHSS, പുല്ലൂറ്റ് KKTM ഗവ. കോളേജ്, കരൂപടന്ന GHSS, ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് HSS, ഇരിങ്ങാലക്കുട GGHS & VHS, നടവരമ്പ് GM HSS, ചേർപ്പ് GHSS, ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജ്.
പരീക്ഷാ കേന്ദ്രങ്ങളിൽ വലിയ തോതിൽ വിദ്യാർത്ഥികളും അവരോടൊപ്പം രക്ഷിതാക്കളും മറ്റും എത്താൻ സാധ്യതയുള്ളതിനാൽ, പരീക്ഷാ കേന്ദ്രത്തിലെത്തുന്ന എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും പരിസര പ്രദേശങ്ങളിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ തൃശ്ശൂർ റൂറൽ പോലീസ് നടപ്പാക്കുന്നുണ്ട്. .
പരീക്ഷാ കേന്ദ്രങ്ങളിലും സമീപത്തെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗത തടസങ്ങൾ ഒഴിവാക്കുന്നതിനും പാർക്കിംഗ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനും ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പതിവ് പട്രോളിംഗിന് പുറമെ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് ശക്തമായ പ്രത്യേക പോലീസ് പട്രോളിംഗും ഏർപ്പെടുത്തും.
പരീക്ഷാ കേന്ദ്രങ്ങളുടെ ചുറ്റുപാടുകളിൽ സുതാര്യമായ നിരീക്ഷണം:
മുഴുവൻ കേന്ദ്രങ്ങളിലും CCTV ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനൊപ്പം, ഡ്രോൺ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
അപരിചിതരുടെ പ്രവേശന നിയന്ത്രണം:
പരീക്ഷാർത്ഥികൾക്കും അനുമതിയുള്ള ജീവനക്കാർക്കും മാത്രമേ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകുകയുള്ളൂ. പരീക്ഷാ കേന്ദ്രത്തിലെത്തുന്നവരുടെ പരിശോധനയ്ക്കായി സുരക്ഷാ സ്ക്രീനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പട്രോളിംഗ് ശക്തമാക്കി
പരീക്ഷാദിനത്തിൽ പോലീസ് പട്രോളിംഗ് സംഘങ്ങൾ സ്ഥിരമായി കേന്ദ്രങ്ങളിൽ റൗണ്ട്സ് നടത്തും. അനിഷ്ടമായ സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട കർശന നടപടികൾ സ്വീകരിക്കും.
ട്രാഫിക് നിയന്ത്രണം:
പ്രധാന റോഡുകളിലും പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള മാർഗങ്ങളിലും പോലീസുദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നു. കൃത്യമായ ദിശാബോർഡുകളും പാർക്കിംഗ് മാർഗനിർദ്ദേശങ്ങളും ഒരുക്കിയിട്ടുണ്ട്.
പരീക്ഷയ്‌ക്ക് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലെത്തുന്ന വഴി, പ്രവേശനം, വാഹന പാർക്കിംഗ്, അതിജീവന സാഹചര്യങ്ങൾ, സുരക്ഷാ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ഏതെങ്കിലും അസൗകര്യങ്ങൾ നേരിട്ടാൽ, ഹെൽപ്‌ലൈൻ നമ്പറായ 112-ൽ വിളിച്ച് ഉടൻ സഹായം തേടാവുന്നതാണ്.
NEET 2025 സുരക്ഷിതമായും ചിട്ടയായതുമായ രീതിയിൽ നടത്തുന്നതിനും പരീക്ഷയ്ക്ക് ഹാജരാകുന്ന എല്ലാ വിദ്യാർത്ഥികൾക്കും സുഗമമായി പരീക്ഷ എഴുതുന്നതിനുള്ള ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു.