തിരുവനന്തപുരം: എല്‍ഡിഎഫും, യുഡിഎഫും പിന്തുണ നല്കുന്ന ട്രേഡ്് യൂണിയനുകളുടെ നേതൃത്വത്തില്‍ നാളെ നടത്തുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും, കെഎസ്്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് ബുധനാഴ്ച സംയുക്തമായി രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസിയെ ബാധിക്കില്ല. സമര നോട്ടിസ് ആരും നല്‍കിയിട്ടില്ല.
അഖിലേന്ത്യ പണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കെഎസ്ആര്‍ടിസി ജീവനക്കാരെ സംബന്ധിച്ച് അവര്‍ സന്തുഷ്ടരാണ്. ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. മാത്രമല്ല, അവരുടെ ആരോഗ്യപ്രശ്നങ്ങളെല്ലാം പരിഗണിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു അസംതൃപ്തിയുമില്ല’-ഗണേഷ് കുമാര്‍ പറഞ്ഞു.
പണിമുടക്കിന് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണ്. പണിമുടക്കില്‍നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് എന്റെ വിശ്വാസം. സമരം ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല കെഎസ്ആര്‍ടിസിക്കുള്ളത്’-മന്ത്രി പറഞ്ഞു.
‘കഴിഞ്ഞ തവണ ഒരു സമരം ഉണ്ടായപ്പോള്‍ ആറ് ശതമാനം ആളുകള്‍ മാത്രമേ അതില്‍ പങ്കെടുത്തിട്ടുള്ളൂ. അത് കെഎസ്ആര്‍ടിസിയുടെ മാറുന്ന സംസ്കാരമാണ്’- ഗതാഗതമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥി കണ്‍സെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.