തൃശൂര്‍: കര്‍ക്കിടകം തുടങ്ങുന്ന ജൂലായ് 17ന് ഗജപൂജയും, ആനയൂട്ടും, അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തുന്നതിന് വടക്കുന്നാഥക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ തകൃതി.
ഗജപൂജയിലും ആനയൂട്ടിലും 55 ഗജവീരന്‍മാര്‍ പങ്കെടുക്കും. ഇത്തവണ ഇതാദ്യമായി എട്ട് പിടിയാനകള്‍ ചടങ്ങിനെത്തും. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് 7 ആനകള്‍ പങ്കെടുക്കും.
രാവിലെ 7.30ന് ഗജപൂജ തുടങ്ങും. പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ കരിമ്പടം വിരിച്ച് അഞ്ച് ആനകളെ വീതം മഞ്ഞപ്പട്ടണിയിച്ച് ഇരുത്തി പൂജിക്കും. 9.30ന് ആനയൂട്ട് തുടങ്ങും. മേല്‍ശാന്തി ശ്രീരാജ് നമ്പൂതിരി ആദ്യ ഉരുള നല്‍കും. ഉണക്കലരി നിവേദ്യമാണ് വലിയ ഉരുളകളാക്കി ആനകള്‍ക്ക് നല്‍കുക. എസ്.എന്‍.എ ഔഷധശാലയില്‍ തയ്യാറാക്കിയ ഔഷധക്കൂട്ടും, കരിമ്പ്, തണ്ണിമത്തന്‍, കൈതച്ചക്ക, കദളിപ്പഴം തുടങ്ങിയ ഫലവര്‍ഗങ്ങളും ആനകള്‍ക്ക് നല്‍കും. 12,000 നാളികേരം, 2,500 കിലൊ ശര്‍ക്കര, 200 കിലൊ നെയ്യ്, 1,000 കിലൊ അവില്‍, 100 കിലൊ മലര്‍, തേന്‍, ഗണപതിനാരങ്ങ തുടങ്ങിയവ ഉപയോഗിച്ചാണ് അഷ്ടദ്രവ്യമഹാഗണപതിഹോമം പ്രസാദം തയ്യാറാക്കുക.
തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വെളുപ്പിന് അഞ്ചരമണിക്ക് അഷ്ടദ്രവ്യമഹാഗണപതിഹോമം തുടങ്ങും. പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തില്‍ 12,008 നാളികേരമടക്കമുള്ള അഷ്ടദ്രവ്യങ്ങള്‍ അര്‍പ്പിക്കും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറെ നടയില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ പ്രത്യേക ഫ്‌ളൈഓവര്‍ നിര്‍മ്മിക്കും. ആനകള്‍ പടിഞ്ഞാറെ നടയിലൂടെ പ്രവേശിച്ച് ചടങ്ങിന് ശേഷം കിഴക്കേനടയിലൂടെ പുറത്തിറങ്ങും.