തൃശൂര്‍: കര്‍ക്കിടകത്തിലെ തെളിഞ്ഞ മാനം സാക്ഷിയായി ആനകളെ മതിവരുവോളം ഊട്ടി ഭക്തരും, ‘പെരുവയര്‍’ നിറഞ്ഞ ഗജകേസരികളും തൃപ്തിയോടെ വടക്കുന്നാഥനെ വണങ്ങി മടങ്ങി. ഇത്തവണ ആനയൂട്ടിന് 60 ആനകള്‍ പങ്കെടുത്തു. വടക്കുന്നാഥന്റെ അമ്പലവട്ടത്ത് തെക്കേഗോപുരത്തിന് മുന്നില്‍ ചെവിയാട്ടി തുമ്പിക്കൈ ഉയര്‍ത്തി നിന്ന ആനകളെ ഊട്ടാന്‍ വന്‍ഭക്തജനത്തിരക്കായിരുന്നു. ശുഭ്രവസ്ത്രമണിഞ്ഞ് ഐരാവതങ്ങളെപ്പോലെ നിന്ന 7 പിടിയാനകള്‍ ആനയൂട്ടിന് ഇത്തവണ വേറിട്ട കാഴ്ചയായി. മഞ്ഞള്‍പ്പൊടിയും, ഔഷധചൂര്‍ണവും, അഷ്ടദ്രവ്യമഹാഗണപതിഹോമപ്രസാദവും ചേര്‍ത്ത ഉണക്കലരി നിവേദ്യം വലിയ ഉരുളകളാക്കിയാണ് ആനകള്‍ക്ക് നല്‍കിയത്. ക്ഷേത്രം മേല്‍ശാന്തി ശ്രീരാജ് നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന 7 ആനകള്‍ പങ്കെടുത്തു. കരിമ്പ്, തണ്ണിമത്തന്‍, കൈതച്ചക്ക, കദളിപ്പഴം തുടങ്ങിയ ഫലവര്‍ഗങ്ങളും ആനകള്‍ക്ക് നല്‍കി. 12,000 നാളികേരം, 2,500 കിലൊ ശര്‍ക്കര, 200 കിലൊ നെയ്യ്, 1,000 കിലൊ അവില്‍, 100 കിലൊ മലര്‍, തേന്‍, ഗണപതിനാരങ്ങ തുടങ്ങിയവ ഉപയോഗിച്ചാണ് അഷ്ടദ്രവ്യമഹാഗണപതിഹോമം പ്രസാദം തയ്യാറാക്കിയത്.
രാവിലെ 7.30ന് ഗജപൂജ തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ കരിമ്പടം വിരിച്ച് അഞ്ച് ആനകളെ വീതം മഞ്ഞപ്പട്ടണിയിച്ച് ഇരുത്തി പൂജിച്ചു. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വെളുപ്പിന് അഞ്ചരമണിക്ക് അഷ്ടദ്രവ്യമഹാഗണപതിഹോമം ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തില്‍ 12,008 നാളികേരമടക്കമുള്ള അഷ്ടദ്രവ്യങ്ങള്‍ അര്‍പ്പിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറെ നടയില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ പ്രത്യേക ഫ്ളൈഓവര്‍ നിര്‍മ്മിച്ചിരുന്നു.. ആനകള്‍ പടിഞ്ഞാറെ നടയിലൂടെ പ്രവേശിച്ച് ചടങ്ങിന് ശേഷം കിഴക്കേനടയിലൂടെ പുറത്തിറങ്ങി. ആനയൂട്ടിന് ശേഷം ക്ഷേത്രത്തില്‍ അന്നദാനവും ഒരുക്കിയിട്ടുണ്ട്.
1985 മുതലാണ് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ആരംഭിച്ചത്.
അമ്പലവട്ടത്ത് അഴകായി ആനകള്‍,നിര്‍വൃതിയുടെ നിറവില്‍ ആയിരങ്ങള്‍
