തൃശൂർ : കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേരളത്തിലെ സി.പി.എം നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവകകളിലും ആസ്തിയിലും ഉണ്ടായ വര്‍ധന സംബന്ധിച്ച വസ്തുതകളും അവയ്ക്കുള്ള വിശദീകരണവും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു മുന്‍പായി പൊതുസമൂഹത്തിനു മുന്‍പാകെ പ്രസിദ്ധീകരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കെ.പി.സി.സി സെക്രട്ടറി ജോണ്‍ ഡാനിയൽ കത്തയച്ചു. ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറിയുടേതായി പുറത്തു വന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത് പ്രകാരം, സി.പി.എം ഏരിയാ-ജില്ലാ-സംസ്ഥാന ഭാരവാഹികള്‍ അവിഹിത ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സമ്പാദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം തൃശൂരിലെ സി.പി.എം പ്രാദേശിക നേതാവും സമാനമായ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ക്കു മുന്‍പാകെ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍, ജില്ലാ-സംസ്ഥാന നേതാക്കളുടെയെങ്കിലും ധനസമ്പാദന വിവരങ്ങള്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്താതെ ഇനി കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പിലും മല്‍സരിക്കാന് സി.പി.എമ്മിന് ധാര്‍മികമായ അവകാശമില്ല.
ഭരണകക്ഷിയുടെ ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും കുടുംബാംഗങ്ങള്‍ വരെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. ഏതെങ്കിലും വ്യക്തികളുടെ ഒറ്റപ്പെട്ട അഴിമതിയായി ഇതിനെ കാണാനാവില്ല. ഭരണസംവിധാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കേന്ദ്രങ്ങള്‍ അടിമുടി അഴിമതിയില്‍ മുങ്ങിയ സാഹചര്യം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. അര്‍ഹതപ്പെട്ട ക്ഷേമപെന്‍ഷനോ ചികിത്സാസഹായങ്ങളോ കാർഷിക വിളകളുടെ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമോ ക്ഷേമനിധി ആനുകൂല്യങ്ങളോ സമയത്ത് ലഭിക്കാതെ കര്‍ഷകരും തൊഴിലാളികളുമുള്‍പ്പെടെ ലക്ഷക്കണക്കിനു പാവപ്പെട്ട മനുഷ്യര്‍ ദുരിതം അനുഭവിക്കുമ്പോളാണ് ഭരണകക്ഷി നേതാക്കള്‍ ഖജനാവില്‍ കയ്യിട്ടുവാരി അവിഹിതമായി കോടികള്‍ സമ്പാദിക്കുന്നത്. മാന്യമായി ജീവിക്കാനും ഉപജീവനം നടത്താനുമുള്ള സാധാരണക്കാരുടെ അവകാശത്തിന്റെ ക്രൂരമായ ലംഘനം കൂടിയാണ് സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഈ അഴിമതി. അതിനെ കടുത്ത മനുഷ്യാവകാശ ലംഘനമായിക്കണ്ട് ഇടപെടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തയാറാകണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.
സി.പി.എം നേതാക്കളുടെ സ്വത്ത് വർധന വെളിപ്പെടുത്താൻ ഉത്തരവിടണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
