തൃശൂര്‍: കായികാധ്യാപകരുടെ അഭാവം മൂലം കാല്‍ഡിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല കായിക മത്സരങ്ങള്‍ തുടങ്ങിയത് ഏറെ വൈകി. രാവിലെ 8 മണിക്കുള്ള മത്സരങ്ങള്‍ തുടങ്ങിയത് 11 മണിക്ക് ശേഷം. പോള്‍വോള്‍ട്ട്, ഹൈജംപ്, ഷോട്ട് പുട്ട് മത്സരങ്ങളാണ് ഇന്നുള്ളത്. കായികാധ്യാപകരുടെ നിസ്സഹകരണസമരം മൂലമാണ് മത്സരങ്ങള്‍ അലങ്കോലമായത്. ഉച്ചയ്ക്ക് മുന്‍പേ കഴിയേണ്ട മത്സരങ്ങള്‍ക്ക് അഞ്ഞൂറോളം കായികതാരങ്ങളാണ് കാത്തു നിന്ന് വലഞ്ഞത്. കാള്ഷീറ്റിലും, ചെസ്റ്റ് നമ്പര്‍ നല്‍കുന്നതിലും വീഴ്ചയെന്നും പരാതിയുണ്ട്. മുന്‍വര്‍ഷങ്ങളിലേക്കാള്‍ കായികതാരങ്ങളുടെ എണ്ണവും കുറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ 2500ലേറെ കായികതാരങ്ങളാണ് ഈസ്റ്റ് ഉപജില്ല കായികമേളയില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇക്കുറി 1840 പേര് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് വേണ്ടത്ര കായികാധ്യാപരില്ലാത്തതുമൂലം കായിക പരിശീലനവും കായിക മത്സരങ്ങളും അവഗണനയുടെ ട്രാക്കിലാണ്.
സംസ്ഥാനത്ത് സ്കൂള്‍ തലത്തില്‍ ഒന്‍പതിനായിരത്തോളം കായിക അധ്യാപകര്‍ വേണം. ഇപ്പോള്‍ 1700 പേര് മാത്രം. ജില്ലയില്‍ ആയിരം പേര് വേണം. ഇപ്പോള്‍ 180 പേര് മാത്രം. കായികാധ്യാപകരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ അപാകത മൂലമാണ് കായികാധ്യാപകര്‍ കുറയുന്നത്. എല്‍.പി സ്കൂളിലെ അധ്യാപകര്‍ക്കുള്ള തുച്ഛമായ വേതനം മാത്രമാണ് ഹൈസ്കൂള്‍ തലത്തിലുള്ള കായികാധ്യാപകര്‍ക്കും ലഭിക്കുന്നത്.