പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സ നല്‍കിയിരുന്നുവെന്നും ഓര്‍ത്തോ ഡോക്ടേഴ്‌സ് ഡിഎംഒയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിക്ക് വീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശുപത്രി അധികൃതര്‍. വലതു കൈ മുറിച്ചുമാറ്റിയ പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒമ്പത് വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഡോ.സിജു കെഎം, ഡോ.ജൗഹര്‍ കെടി എന്നിവരാണ് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സെപ്റ്റംബര്‍ 24ന് കുട്ടി ആശുപത്രിയില്‍ എത്തി. കൈയുടെ എല്ല് പൊട്ടിയിരുന്നു. ഇതിന് ശാസ്ത്രീയമായ ചികിത്സ നല്‍കി. പിറ്റേദിവസം നിരീക്ഷണത്തിനായി കുട്ടിയോട് ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് 30നാണ് കുട്ടി ജില്ലാ ആശുപത്രിയില്‍ എത്തുന്നത്. അപ്പോഴേക്കും കുട്ടിയുടെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ചികിത്സാ പിഴവ് ഉണ്ടായി എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.