Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആഢംബര വാഹനക്കടത്ത്; മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീടുകളിലടക്കം ഇഡി റെയ്ഡ്

കൊച്ചി: ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ  വീട്ടിലടക്കം 17 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ  റെയ്ഡ്. ദുല്‍ഖറിന്റെ  മൂന്ന് വീടുകളിലും മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലും ഉദ്യോഗസ്ഥര്‍ എത്തി.
ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പ്രാഥമികാന്വേഷണത്തിന്റെ  ഭാഗമായി പരിശോധന നടത്തുന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ നുംഖോര്‍ എന്നപേരില്‍ കസ്റ്റംസും നേരത്തെ റെയ്ഡ് നടത്തിയിരുന്നു
കടവന്ത്രയിലെ വീട്ടിലാണ് ദുല്‍ഖര്‍ താമസിക്കുന്നത്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്നാണ് ഇ.ഡിയുടെ വിശദീകരണം. കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിനു പിന്നാലെ ദുല്‍ഖറിന്റെ  കാറുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ദുല്‍ഖറിന്റെ  അപേക്ഷയില്‍ കസ്റ്റംസ് തീരുമാനം എടുക്കണമെന്ന് കോടതി അറിയിച്ചിരുന്നു. വാഹനം വിട്ടുനല്‍കാന്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഹരജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം വാഹനക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കസ്റ്റംസ്. വാഹനങ്ങള്‍ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചെന്നൈ, ബംഗളൂരു കസ്റ്റംസ് യൂണിറ്റുകളുടെ സഹായത്തോടെയാണ് അന്വേഷണം. ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *