കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. ഷാഫി പറമ്പില്‍ എംപിക്ക് പൊലീസിന്റെ ലാത്തിചാര്‍ജില്‍ പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് സമരം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേര്‍ന്നെന്നും പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നുമാണ് എഫ്‌ഐആര്‍. അതേസമയം, ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയില്‍ റൂറല്‍ എസ്പി അടക്കം മേലുദ്യോഗസ്ഥരെ കീഴുദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചോയെന്ന് പൊലീസ് അന്വേഷിക്കും. ഷാഫിക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ല എന്നാണ് റൂറല്‍ എസ്പി ആദ്യം പറഞ്ഞത്. ഇതിന് പിന്നാലെ ലാത്തിച്ചാര്‍ജിന്റെ ദൃശ്യം പുറത്ത് വന്നതോടെ പൊലീസ് വെട്ടിലായിരുന്നു. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് അടക്കം പ്രതിഷേധമാര്‍ച്ച് നടത്താനാണ് യുഡിഎഫ് തീരുമാനം.
പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്
