Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കൊടകര സ്വദേശി  ഇഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മുട്ടത്തുമഠം  മനു മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമലയിലെ മേല്‍ശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ.ഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ മൈഥിലി വര്‍മയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്.നിലവില്‍ കൊല്ലം കൂട്ടിക്കട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് എംജി മനു നമ്പൂതിരി. ശബരിമല മേല്‍ശാന്തിയാവനുള്ള പട്ടികയില്‍ 14 പേരും മാളികപ്പുറത്തേക്ക് 13 പേരുമാണുണ്ടായിരുന്നത്.
പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ശബരിമലയില്‍ മേല്‍ശാന്തിയാവുകയെന്നതെന്നും ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും നിയുക്ത ശബരിമല മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി പറഞ്ഞു. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. വൈകാതെ തന്നെ അയ്യപ്പ സന്നിധാനത്തിലേക്ക് എത്തുമെന്നും ഇ.ഡി പ്രസാദ് നമ്പൂതിരി പറഞ്ഞു. മൂന്നാം തവണയാണ് ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടികയില്‍ വരുന്നത്. പരേതരായ ദാമോദരന്‍ നമ്പൂതിരിയുടെയും ലീലാ അന്തര്‍ജനത്തിന്റെയും മകനാണ് ഇ.ഡി പ്രസാദ്. ഭാര്യ: രജില. മക്കള്‍:അച്യുത് ദാമോദര്‍, അനൂജ് കൃഷ്ണന്‍.നേരത്തെ ചോറ്റാനിക്കര മേല്‍ശാന്തിയായിരുന്നു. കാവശേരി പരയ്ക്കാട്ട് കാവ് ക്ഷേത്രം തന്ത്രിയാണ്. മറ്റു നിരവധി ക്ഷേത്രങ്ങളിലും തന്ത്രി ചുമതല വഹിക്കുന്നുണ്ട്.
വലിയ സന്തോഷമുണ്ടെന്നും ഏറെ നാളത്തെ കാത്തിരിപ്പായിരുന്നുവെന്നും നാലാം തവണ പ്രാര്‍ത്ഥന ഫലിച്ചുവെന്നും ശബരിമലയില്‍ മേല്‍ശാന്തിയാകണമെന്ന ആഗ്രഹം ബാക്കിയാണെന്നും ഇനിയും അപേക്ഷിക്കുമെന്നും നിയുക്ത മാളികപ്പുറം മേല്‍ശാന്തി എംജി മനു നമ്പൂതിരി പറഞ്ഞു.

തുലാമാസ പൂജകള്‍ക്കായി ഇന്നലെ നട തുറന്നത് മുതല്‍ വലിയ ഭക്തജന തിരക്കാണ് ശബരിമലയില്‍. സ്‌പോട് ബുക്കിങ് വഴി മുപ്പത്തിനായിരത്തില്‍പരം പേരാണ് ഇന്നലെ ദര്‍ശനത്തിന് എത്തിയത്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഇന്നലെ ഘടിപ്പിച്ചിരുന്നു. 22നാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. അന്ന് തീര്‍ത്ഥടകര്‍ക്ക് നിയന്ത്രണമുണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *