ന്യൂഡല്‍ഹി: എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് രാജ്യത്ത്് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെടാന്‍ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.
ഇന്നലെ രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനവും സര്‍വീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത് നിരവധി ഉംറ തീര്‍ഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്‌നിപര്‍വത ചാരവും പുകയും വിമാനങ്ങള്‍ക്ക് യന്ത്ര തകരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും, പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഈ അഗ്‌നിപര്‍വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരുന്നു. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമായി.
സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടല്‍ കടന്ന് യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലൂടെ വടക്കന്‍ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ ഡല്‍ഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്. ചാര മേഘങ്ങള്‍ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകീട്ട് 7.30 ഓടെ ചാരമേഘങ്ങള്‍ ഇന്ത്യയില്‍ നിന്നും ഒഴിയും എന്നാണ് വിവരം.
എത്യോപ്യന്‍ അഗ്‌നിപര്‍വത സ്‌ഫോടനം; വിമാനസര്‍വീസുകള്‍ തടസ്സപ്പെട്ടു

















