തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ബന്ദായി മാറി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല.
ഓട്ടോ ടാക്സി തൊഴിലാഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതോടെ യാത്രക്കാര്‍ വലഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലടക്കം എത്തിയവര്‍ കുടുങ്ങി. പോലീസും മറ്റു സന്നദ്ധ സംഘടനകളും യാത്രക്കാര്‍ക്ക് സഹായമായി എത്തിയിട്ടുണ്ട്.
അതേസമയം, ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. ഫുഡ് ഡെലിവറി ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഭക്ഷണവും മറ്റും നല്‍കാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം കുറവാണ്.അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എല്ലാം സാധാരണ നിലയിലാണ്. നിരത്തില്‍ ഓട്ടോ, ടാക്സി സര്‍വീസുകളും തടസമില്ലാതെ തുടരുന്നു.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി, സിഐടിയു അടക്കം 10 സംഘടനകള്‍ സംയുക്തമായാണ് രാജ്യവ്യാപകമായി പണിമുടക്കുന്നത്.
സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം; കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു, വാഹനങ്ങള്‍ തടഞ്ഞു



















