തൃശൂര്‍: ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയില്‍ നടപ്പാക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി മേധാ പട്കര്‍. ഇന്ത്യന്‍ റെയില്‍വേ തന്നെ സ്വകാര്യവത്കരിക്കുകയാണ്. പിന്നെ എന്തിനാണ് കോടികള്‍ ധൂര്‍ത്തടിച്ച് കെ-റെയില്‍ പദ്ധതിയെന്നും അവര്‍ ചോദിച്ചു.
തൃശൂര്‍ റീജിണല്‍ തീയ്യറ്ററില്‍ ‘മേധ പട്കര്‍ ഇരകളോടൊപ്പം’ പരിപാടിയില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അവര്‍.
പദ്ധതിയുടെ ഡി.പി.ആര്‍ ( വിശദമായ പദ്ധതി റിപ്പോര്‍ട്ട്) പുറത്തു വിടാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് മേധാ പട്കര്‍ പ്രസ്താവിച്ചു. വല്ലാര്‍പാടം ഉള്‍പ്പടെ വന്‍കിട പദ്ധതികളുടെ പേരില്‍ കുടിയിറക്കപ്പെട്ട നിരവധി പേരെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല. ഈ പദ്ധതിയുടെ പേരില്‍ കുടിയിറക്കപ്പെടുന്ന ഇരുപതിനായിരത്തിലധികം കുടുംബങ്ങള്‍ എന്ത് ചെയ്യും എന്നത് ഏറ്റവും ന്യായമായ ചോദ്യമാണ്. അടിസ്ഥാന സൗകര്യ വികസനം എന്ന പേരില്‍ ഇന്ന് പരിസ്ഥിതി നശീകരണമാണ് എല്ലായിടത്തും നടക്കുന്നത്. റോഡിലെ തിരക്കു കുറയ്ക്കും എന്ന അവകാശവാദത്തിന്റെ മാത്രം പേരില്‍, ഇത്രമേല്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന ഒരു പദ്ധതിയെ എങ്ങനെ ഹരിത പദ്ധതി എന്ന് വിളിക്കാനാകും?- അവര്‍ ചോദിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഏകോപിതമായി നടക്കുന്ന ചെറുത്ത് നില്‍പ്പിനെ അഭിവാദ്യം ചെയ്യുന്നു. ഇരകളെന്ന നിലയിലല്ല, മനുഷ്യരെന്ന നിലയില്‍, പൗരന്‍മാര്‍ എന്ന നിലയില്‍ നമുക്ക് ഒന്നിച്ച് നീങ്ങാം. കെ-റെയില്‍ പദ്ധതിക്ക് അനുകൂലമായി തയ്യാറാക്കിയ അംഗീകാരമില്ലാത്ത പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിനെതിരെ നേടിയ ഹരിത ട്രൈബ്യൂണല്‍ വിധി ഇരകളുടെ വിജയമാണ്. പദ്ധതികളുണ്ടാക്കുന്ന ആഘാതത്തെപ്പറ്റി പറയേണ്ടത് ഏജന്‍സികളല്ല വാര്‍ഡ് സഭകളും ഗ്രാമസഭകളുമാണ്. കെ-റെയില്‍ പദ്ധതിക്കായി കുഴിച്ചിടുന്ന അതിരുകല്ലുകള്‍ പിഴുതെറിയാന്‍ മേധാ പട്കര്‍ ആഹ്വാനം ചെയ്തു.
അഞ്ഞൂറോളം കെ-റെയില്‍ പദ്ധതി ബാധിത കുടുംബങ്ങള്‍ പങ്കെടുത്തു. കെ.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍ ആമുഖ പ്രസംഗം നടത്തി. സി.ആര്‍.നീലകണ്ഠന്‍, എസ്.പി. രവി, എം.പി.സുരേന്ദ്രന്‍, ശരത് ചേലൂര്‍, സംസ്ഥാന ചെയര്‍മാന്‍ എം.പി.ബാബുരാജ്, കോഴിക്കോട് ചെയര്‍മാന്‍ ടി.ടി. ഇസ്മയില്‍, ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം മഞ്ജുഷ, ആലുവ കമ്മിറ്റിയംഗം മരിയ, എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന രക്ഷാധികാരി ശൈവ പ്രസാദ്, ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ സന്തോഷ് പടനിലം, പത്തനംതിട്ട ജില്ലാ കണ്‍വീനര്‍ മുരുകേഷ് നടക്കല്‍, സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍ പെരുവന്താനം, സംസ്ഥാന വനിതാ കണ്‍വീനര്‍ ശരണ്യ രാജ്, തൃശൂര്‍ ജില്ലാ ചെയര്‍മാന്‍ ശിവദാസ് മഠത്തില്‍,ജില്ലാ ജനറല്‍ കണ്‍വീനര്‍ എ.എം സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Credit : Newss Kerala