ചിതയ്ക്ക് അഗ്നി പകര്‍ന്നത് അഞ്ച് വയസ്സുകാരന്‍ മകന്‍ ദക്ഷന്‍ദേവ്
ജനസാഗരം സാക്ഷി,
ധീരസൈനികന് യാത്രാമൊഴിയേകി ജന്മനാട്
തൃശ്ശൂര്‍: കുനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ ഭൗതിക ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അഞ്ച് വയസ്സുകാരന്‍ മകന്‍ ദക്ഷണ്‍ദേവ് ചിതയ്ക്ക് തീകൊളുത്തി.
ഇന്ന് ഉച്ചയോടെ റോഡുമാര്‍ഗം കോയമ്പത്തൂരില്‍നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
തുടര്‍ന്നുള്ള വിലാപ യാത്രയില്‍ റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിന് ആളുകളാണ് പുഷ്പവൃഷ്ടി നടത്തി, അഭിവാദ്യമര്‍പ്പിച്ച് പ്രദീപിനെ യാത്രയാക്കിയത്.
പ്രദീപ് പഠിച്ച പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേകമായി തയ്യാറാക്കിയ വേദിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. വ്യോമസേനയും പോലീസും അടക്കമുള്ള സേനാ വിഭാഗങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന്
കേന്ദ്രമന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ. കൃഷ്ണന്‍കുട്ടി, കെ രാജന്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. നാടിന്റെ ധീര ജവാനെ അവസാനമായി കാണാന്‍ സ്‌കൂള്‍ പരിസരം തിങ്ങി നിറഞ്ഞ ജനമെത്തി.
സ്‌കൂളില്‍ നിന്നും 3.45 ഓടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വ്യോമസേന ഉദ്യോഗസ്ഥര്‍ പൊന്നൂക്കരയിലെ അറയ്ക്കല്‍ വീട്ടിലേക്ക് കൊണ്ടുപോയി. റോഡിന്റെ ഇരുവശത്തുനിന്നും ജനങ്ങള്‍ ദേശീയപതാകയുമേന്തി പ്രദീപിന് അഭിവാദ്യം അര്‍പ്പിച്ചു.
പുത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയതിന് ശേഷം 2002-ലാണ് പ്രദീപ് വായുസേനയില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫൈറ്റര്‍ ആയാണ് ആദ്യനിയമനം. പിന്നീട് എയര്‍ ക്രൂവായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ ഉടനീളം പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാധാകൃഷ്ണന്‍, കുമാരി എന്നിവരാണ് മാതാപിതാക്കള്‍. ശ്രീലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ദക്ഷിണ്‍ദേവ്, ദേവപ്രയാഗ.
Photo Credit: Newss Kerala