വിശിഷ്ട സേവനത്തിനുള്ള ഇന്ത്യന്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അപര്‍ണ്ണ ലവകുമാറിന്. 2023 ലെ റിപ്പബ്‌ളിക് ദിനത്തിനോടനുബന്ധിച്ചാണ് ഇന്ന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചത്.
ആമ്പല്ലൂര്‍ സ്വദേശിയായ അപര്‍ണ്ണ ലവകുമാര്‍ 2002-ല്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചു. ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍ വനിത പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2022 ഏപ്രില്‍ മുതല്‍ തൃശൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് ജോലിചെയ്തുവരുന്നത്.
വ്യത്യസ്തമായ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ സര്‍വ്വീസ് കാലയളവിലുടനീളം അപര്‍ണ്ണ ലവകുമാര്‍ ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിക്കപെട്ടിട്ടുണ്ട്. ചികിത്സയിലിരിക്കെ മരണപ്പെട്ട ഒരാളുടെ മൃതദേഹം വിട്ടുകിട്ടാന്‍ ചികിത്സാതുക അടക്കാന്‍ കഴിയാതെ വിഷമിച്ചുനിന്ന കുടുംബാംഗങ്ങള്‍ക്ക് തന്റെ സ്വര്‍ണവള ഊരിക്കൊടുത്ത് സാമ്പത്തിക സഹായം ചെയ്ത സംഭവം നടന്നത് 2008 ലായിരുന്നു. 2016, 2019 വര്‍ഷങ്ങളില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി ദാനം ചെയ്തതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
കോവിഡ് കാലത്ത് തൃശൂര്‍ സിറ്റി വനിത പോലീസ് ഉദ്യോഗസ്ഥരുടെ ബുള്ളറ്റ് പട്രോളിങ്ങ് സംഘത്തിലും അപര്‍ണ്ണയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കേരളപോലീസിലെ വനിതകള്‍ പങ്കെടുത്ത 2019 ലെ നെഹ്‌റുട്രോഫി വള്ളംകളി ടീമിലും അപര്‍ണ അംഗമായിരുന്നു. തൃശൂര്‍ സിറ്റി പോലീസ് സോഷ്യല്‍മീഡിയ വിഭാഗത്തിലൂടെ നിരവധി ബോധവത്ക്കരണ വീഡിയോകളും അപര്‍ണ്ണ ലവകുമാര്‍ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച സേവനങ്ങള്‍ കണക്കിലെടുത്ത് ഇതിനോടകം നൂറോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള അപര്‍ണ്ണ ലവകുമാര്‍ ആമ്പല്ലൂരിലെ വെണ്ടോരിലാണ് താമസം. രണ്ട് പെണ്‍മക്കള്‍. ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്യുന്നു.