തൃശൂര്‍: മേയറുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാമനിലയം-സ്‌റ്റേഡിയം റോഡിലെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കി. കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന്റെ സഹായത്തോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.
ചായ, കൂള്‍ഡ്രിങ്ങ്‌സ്, ലോട്ടറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയ കച്ചവടങ്ങള്‍ ചെയ്തുവരുന്ന ഇവരുടെ വണ്ടികളും ഇതര സാമഗ്രികളുമാണ് മുന്നറിയിപ്പ് നോട്ടീസ് നല്‍കാതെ എടുത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ഇതിനിടെ സി.ഐ.ടി.യു, എച്ച്.എം.എസ് യൂണിയന്‍ ഭാരവാഹികളും, കച്ചവടക്കാരും ഒഴിപ്പിക്കല്‍ നടപടി തടഞ്ഞു.
ഇതിനിടയിലായിരുന്നു രാമനിലയം റോഡില്‍ ടൈല്‍ വിരിച്ചതിന്റെ ഉദ്ഘാടനത്തിന് മേയര്‍ എം.കെ.വര്‍ഗീസും വിശിഷ്ടാതിഥികളും എത്തിയത്. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതറിഞ്ഞതോടെ സ്ഥലത്ത് വന്‍ ജനക്കൂട്ടമായി. ഇതിനിടെ റോഡില്‍ ടൈല്‍ വിരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മേയറും കൂട്ടരും വേഗം സ്ഥലം വിട്ടു.
യൂണിയന്‍ നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും റെഡ്്‌സോണായതിനാല്‍ വഴിയോരക്കച്ചവടം ഇനി അനുവദിക്കില്ലെന്ന നിലപാടില്‍ മേയര്‍ ഉറച്ചുനിന്നു.
വെന്‍ഡേഴ്‌സ് കമ്മിറ്റി കൂടി 15 ദിവസം മുന്‍പെങ്കിലും മുന്നറിയിപ്പ് നോട്ടീസ് നല്‍കാതെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് അനുവദിക്കില്ലെന്ന നിലപാടില്‍ സി.ഐ.ടി.യു, എച്ച്.എം.എസ് നേതാക്കള്‍ ഉറച്ചുനിന്നു. രാമനിലയം – സ്റ്റേഡിയം റോഡരികില്‍ നാല്‍പതിലധികം വര്‍ഷമായി വഴിയോരക്കച്ചവടം നടത്തുന്നവരാണ് മിക്കവരും. സംഘര്‍ഷ സാധ്യത കണ്ടറിഞ്ഞ് പോലീസും അയഞ്ഞു.
ഇവിടത്തെ വഴിയോരക്കച്ചവടക്കാരില്‍ പലരും കോര്‍പ്പറേഷന്റെ സ്ട്രീറ്റ് വെണ്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പി. എം. സ്വാനിധിയുടെ ബാങ്ക് വായ്പകള്‍ എടുത്തിട്ടുള്ളവരുമാണ്. സ്ട്രീറ്റ് വെന്‍ഡിങ്ങ് കമ്മിറ്റിയില്‍ ചര്‍ച്ചയോ പുനഃരധിവാസ പദ്ധതിയോ കൂടാതെയാണ് പോലീസിന്റെ സഹായത്തോടെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചതെന്നും പരാതിയുണ്ട്.
സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്തുള്ള പോക്കറ്റ് റോഡില്‍ കച്ചവടം ചെയ്യാനുള്ള മേയറുടെ നിര്‍ദേശം കച്ചവടക്കാര്‍ അംഗീകരിച്ചില്ല. ബസുകളും മറ്റു വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന ഇടുങ്ങിയ റോഡില്‍ വഴിയോരകച്ചവടത്തിന് മതിയായ സൗകര്യമില്ല.
നഗരവികസനത്തിന്റെയും സൗന്ദര്യവല്‍ക്കരണത്തിന്റെയും പേരില്‍ വഴിയോരകച്ചവടങ്ങളെ നഗരസിരാകേന്ദ്രങ്ങളില്‍നിന്നും പാടെ നിഷ്‌കാസനം ചെയ്തുവരുന്ന കോര്‍പ്പറേഷന്റെ മനുഷ്യത്വ വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് എച്ച്. എം. എസ്. കേരള വഴിവാണിഭ സഭ യൂണിയന്‍ നേതാക്കളായ സതീഷ് കളത്തില്‍, കെ.എ.അന്തോണി, പി.എ.റപ്പായി എന്നിവര്‍ ആവശ്യപ്പെട്ടു.