തൃശൂർ: കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ യാഥാർത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. തൃശൂരിൽ ബിജെപിയുടെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിട്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേരളം എല്ലാ രംഗങ്ങളിലും പിൻതള്ളപ്പെടുകയാണ്. വികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ വേണം. മത ന്യൂനപക്ഷങ്ങൾ ബി ജെ പി ക്കെതിരാണെന്ന കള്ളം പൊളിഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം അതാണ് വ്യക്തമാക്കുന്നത്. ലൈഫ്മിഷൻ തട്ടിപ്പ് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അനിൽ അക്കര ഉൾപ്പെടെ തെളിവുകൾ കൈയിലുണ്ടെന്ന് അവകാശപ്പെടുന്നവർ അത് അന്വേഷണ ഏജൻസികൾക്ക് കൈമാറണം.