തൃശൂർ: കൂനൂരിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയുമടക്കം മരണപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ പുത്തൂർ സ്വദേശിയായ വ്യോമസേന വാറൻ്റ് ഓഫീസർ പ്രദീപ് അറക്കലും മരണപ്പെട്ടതായി സ്ഥിരീകരണം.
ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസർ പ്രദീപ്, 38. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനം ആണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടിയിരുന്നു.
പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്റെ മുത്തമകനാണ് പ്രദീപ്. സംഭവം അറിഞ്ഞ് ഇയാളുടെ സഹോദരന്‍ പ്രസാദ് കോയമ്പത്തുരിലെക്ക് തിരിച്ചിട്ടുണ്ട്. പ്രദീപിന്റെ കുടുംബം കോയമ്പത്തുരിലെ ക്വര്‍ട്ടെഴ്‌സിലാണ് താമസം. എതാനും നാള്‍ മുമ്പ് പ്രദീപ് മകന്റെ പിറന്നാളിനും അച്ഛന്റെ ചികിത്സാ ആവശ്യത്തിനുമായി നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം. അമ്മ കുമാരി ഭാര്യ ശ്രീലക്ഷി മക്കള്‍ ദക്ഷന്‍ ദേവ് (5) ദേവപ്രയാഗ് (2) .
Photo Credit: Newss Kerala