ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ ഡിഎംകെ വിളിച്ചുചേര്‍ത്ത ജോയിന്റ്്്് ആക്ഷന്‍ കമ്മിറ്റി യോഗം തുടങ്ങി. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്്്.
ഇന്ന് ചരിത്രദിനമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. രാജ്യ പുരോഗതിക്ക് സംഭാവന നല്‍കിയ സംസ്ഥാനങ്ങള്‍ ഫെഡറലിസം സംരക്ഷിക്കാന്‍ ഒന്നിച്ച ദിനമായി അടയാളപ്പെടുത്തുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവും ഫെഡറല്‍ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം. മണ്ഡലപുനര്‍ നിര്‍ണയം നമ്മുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഒന്നിച്ചു എതിര്‍ക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒഡീഷ, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയാണ് ഡിഎംകെ യോഗത്തിനു ക്ഷണിച്ചത്. ഒഡീഷയിലെ പ്രധാന പ്രതിപക്ഷമായ ബിജെഡിയുടെ പ്രതിനിധികള്‍ ഇന്നത്തെ യോഗത്തിനെത്തി..
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്്. മണ്ഡല പുനര്‍നിര്‍ണയത്തിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎം നിലപാട്.
സീറ്റിന് വേണ്ടിയല്ല അവകാശങ്ങള്‍ക്കായാണ് പോരാട്ടം നടത്തുന്നതെന്ന് എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കി. ജനരോഷം തിരിച്ചുവിടാന്‍ ഡിഎംകെ നടത്തുന്ന നാടകമാണ് ഇന്നത്തെ യോഗമെന്ന് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു.
കേരളത്തില്‍ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്്്.
മുഖ്യമന്ത്രി പിണറായിയെ സ്റ്റാലിന്‍ സ്വീകരിച്ചു. ചെന്നൈയിലെ യോഗത്തില്‍ 13 പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തൃണമൂല്‍, വൈഎസ്ഈര്‍സിപി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തിട്ടില്ല. ആറ് മുഖ്യമന്ത്രിമാരും 2 ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.