തൃശൂര്‍: ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, നേരത്തെ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസ് അറിയിച്ചു. തന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ പാര്‍ട്ടി ഫണ്ട് നല്‍കാനായില്ല. പാര്‍ട്ടി ഫണ്ട് നിജി ജസ്റ്റിന്‍ നല്‍കിയിട്ടുണ്ടാകും. അതുകൊണ്ടായിരിക്കാം ഇങ്ങനെ വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യങ്ങളും ചെയ്തിട്ടില്ലെന്നും ലാലി ജെയിംസ് ആവര്‍ത്തിച്ചു. പണം നല്‍കി എന്നത് പലരും രണ്ടു ദിവസം മുന്‍പ് പറഞ്ഞതാണ്. പണം നല്‍കിയതിനാല്‍ മേയര്‍ പദവി പ്രതീക്ഷിക്കേണ്ടതില്ല എന്ന് പലരും പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താലും തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോണ്‍ഗ്രസുകാരിയായി തുടരും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു.
താന്‍ ഒരിക്കലും ഒരു സാങ്കല്‍പ്പിക ലോകത്തല്ല. പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
കോണ്‍ഗ്രസുകാരിയായി തുടരാന്‍ കോണ്‍ഗ്രസിന്റെ അംഗത്വം ആവശ്യമില്ല സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല കാരണം രണ്ട് ഘടകങ്ങളും അവര്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയര്‍ത്തിയ ആരോപണങ്ങളില്‍ തന്നെയാണ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത് ലാലി പ്രതികരിച്ചു.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോര്‍ട്ടിന്മേലാണ് കൗണ്‍സിലര്‍ ലാലി ജെയിംസിനെതിരായ നടപടി. സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാതെയുള്ള വാര്‍ത്താക്കുറിപ്പ് കെപിസിസി നേതൃത്വമാണ് ഇന്നലെ പുറത്തിറക്കിയത്.
കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിനില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലില്‍ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നു നിജി ജസ്റ്റിനെന്നും ചില നേതാക്കള്‍ മാത്രം ചേര്‍ന്നാണ് അവരെ മേയറാക്കാന്‍ തീരുമാനിച്ചതെന്നും ലാലി ഇന്നലെ ആരോപിച്ചിരുന്നു. ലാലിയുടെ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന്്് ഇടത് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















