തൃശൂര്‍ ഡോ.നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു. എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ എം.എല്‍ റോസിക്കെതിരെ 22 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡോ. നിജി ജസ്റ്റിന്‍ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ രാവിലെ 10.30 മണിയോടെയാണ് മേയര്‍ തിരഞ്ഞെടുപ്പ് നടപടികളാരംഭിച്ചത്. വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
യു ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ.നിജി ജസ്റ്റിന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം എല്‍ റോസി, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പൂര്‍ണിമ സുരേഷ് എന്നിവരാണ് വോട്ടെടുപ്പില്‍ മത്സരിച്ചത്.
ഒന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ ആദ്യത്തെ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് 56 കൗണ്‍സിലര്‍മാരും വോട്ട് രേഖപ്പെടുത്തി. 35 വോട്ടുകളാണ് ഡോ. നിജി ജസ്റ്റിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എല്‍ റോസിക്ക് 13 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൂര്‍ണിമ സുരേഷിന് എട്ട് വോട്ടും ലഭിച്ചു.
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഡോ. നിജി ജസ്റ്റിനെ മേയറായി പ്രഖ്യാപിച്ച് പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. പുതിയ മേയര്‍ക്ക് ജില്ലാ കളക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മേയറെ കളക്ടര്‍ ഗൗണ്‍ അണിയിച്ചു
കോര്‍പ്പറേഷന്‍ രജിസ്റ്ററിലും മറ്റു പ്രധാന രേഖകളിലും മേയര്‍ ഡോ. നിജി ജസ്റ്റിന്‍ ഒപ്പ് രേഖപ്പെടുത്തി. കോര്‍പ്പറേഷന്‍ 21-ാം ഡിവിഷന്‍ കിഴക്കുംപാട്ടുകരയില്‍ നിന്നാന്ന്്് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ.നിജി ജസ്റ്റിന്‍ വിജയിച്ചത്.

















