11മണിക്ക് മുൻകൂർ ജാമ്യാപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോൾ അറസ്റ്റ് വിവരം കോടതിൽ സർക്കാർ വക്കീൽ പറഞ്ഞിരുന്നില്ല. പിന്നീട് 10.50ന് അറസ്റ്റ് ചെയ്തുവെന്ന് 11.45 നാണ് കോടതിയെ അറിയിക്കുന്നത്
കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ അരുവിക്കര എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥനെ ശംഖുമുഖം പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സഞ്ചരിച്ചിരുന്ന വിമാനത്തിൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡോളർ – സ്വർണ്ണക്കടത്ത് വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യ മൊഴി നൽകിയതിന് ശേഷം സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു വിമാനത്തിലെ പ്രതിഷേധം.
ശബരീനാഥന്റെ അറസ്റ്റിനെ സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി ഒരു അറിയിപ്പും ആദ്യം നൽകിയില്ല.
എന്നാൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഇന്ന് രാവിലെ ശബരിനാഥന്റെ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്ന വേളയിൽ സർക്കാർ വക്കീലാണ് ശബരീനാഥിന്റെ അറസ്റ്റ് വിവരം കോടതിയെ അറിയിച്ചത്. 11മണിക്ക് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ അറസ്റ്റ് വിവരം കോടതിൽ സർക്കാർ വക്കീൽ പറഞ്ഞിരുന്നില്ല. പിന്നീട് 10.50ന് അറസ്റ്റ് ചെയ്തുവെന്ന് 11.45 നാണ് കോടതിയെ അറിയിക്കുന്നത്.
നൂറ്റി ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുള്ള യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി വിമാനത്തിൽ കണ്ണൂരിൽ നിന്ന് വരുന്നുണ്ടെന്നും വിമാനത്തിൽ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ നന്നായിരിക്കും എന്ന് ശബരീനാഥ് ഇട്ട വിമാനത്തിലെ പ്രതിഷേധം നടക്കുന്നതിന് മുൻപേയുള്ള പോസ്റ്റ് ഇന്നലെ പുറത്തുവന്നിരുന്നു.
ഇതിനെ തുടർന്ന് ശംഖുംമുഖം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ മുൻപാകെ ഹാജരാകാൻ ശബരിനാഥന് ഇന്നലെ കേസിലെ സാക്ഷി എന്ന രീതിയിൽ പോലീസ് നോട്ടീസ് നൽകിയിരുന്നു. വാട്സ്ആപ്പ് പോസ്റ്റ് ഇട്ടത് ശബരീനാഥൻ നിഷേധിച്ചിട്ടില്ല.
ഇന്ന് രാവിലെ 10.30നാണ് ശംഖുമുഖം അസിസ്റ്റൻറ് പോലീസ് കമ്മീഷണർക്ക് മുൻപാകെ ശബരിനാഥൻ ഹാജരായത്.
11മണിക്ക് കോടതി ശബരിനാഥന്റെ ഹർജി പരിഗണിച്ചു. ഹർജി പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് കോടതി ആദ്യം നിർദ്ദേശിച്ച. എന്നാൽ ആ വേളയിൽ അറസ്റ്റ് 10.50 ന് നടന്നുവെന്ന് ഗവൺമെൻറ് പ്ലീഡർ കോടതിയെ അറിയിച്ചിരുന്നില്ലെന്നും പിന്നീട് മുക്കാൽ മണിക്കൂർ കഴിഞ്ഞശേഷമാണ് അറസ്റ്റ് വിവരം കോടതിയെ അറിയിച്ചതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ പറഞ്ഞു.
അറസ്റ്റിന്റെ വിവരങ്ങൾ ഉടനെ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് നടന്ന സമയം എപ്പോഴെന്ന് കോടതി ആരായുകയും ചെയ്തു.
അറസ്റ്റിനു മുൻപേ തന്നെ ശബരീനാഥിനെ അറസ്റ്റ് ചെയ്തു എന്ന തെറ്റായ വിവരം കോടതിയിൽ സർക്കാർ പ്ലീഡർ അറിയിക്കുകയായിരുന്നു എന്ന ആരോപണം ശംഖുമുഖം വലിയതുറ പോലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധത്തിനായി ഒത്തുകൂടിയ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉയർത്തി.
ശബരിനാഥനെ തിരുവനന്തപുരം ജില്ല കോടതിയിൽ ഇന്ന് ഉച്ചക്ക് മൂന്നരക്ക് ഹാജരാക്കും.
തനിക്കെതിരെ വധശ്രമം തന്നെയാണ് നടന്നത് എന്നും ഇ പി ജയരാജൻ തന്നെ ആക്രമിക്കുന്നതിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയുകയാണ് ചെയ്തതെന്നും ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ജയരാജനെതിരെ കേസ് വേണ്ട എന്നും തന്നെ രക്ഷിക്കാനാണ് ജയരാജൻ ശ്രമിച്ചത് എന്നുമാണ് മന്ത്രിയുടെ വാദം.
മുൻമന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ജീ. കാർത്തികേയന്റെ മകനാണ് ശബരീനാഥൻ. കാർത്തികേയന്റെ മരണത്തിനുശേഷം നടന്ന അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി ശബരീനാഥൻ എംഎൽഎ ആവുന്നത്. പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യരാനാണ് ഭാര്യ.