തൃശൂര്‍: പാറമേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഗജപൂജയും ആനയൂട്ടും, അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തി. ക്ഷേത്രം മേല്‍ശാന്തി കരകന്നൂര്‍ വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരി കൊമ്പന്‍ പാറമേക്കാവ് കാശിനാഥന് ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. ഗജപൂജയ്ക്ക് തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികനായി. പാറമേക്കാവ് കാശിനാഥന്‍ തന്നെയാണ് ഗജപൂജയിലും പങ്കെടുത്തത്. വെളുപ്പിന് അഷ്ടദ്രവ്യമഹാഗണപതിഹോമവും നടന്നു. 11 ആനകളാണ് ആനയൂട്ടിനെത്തിയത്.
തിരുവാണിക്കാവ് രാജഗോപാല്‍, തിരുവമ്പാടി അര്‍ജ്ജുനന്‍, തിരുവമ്പാടി ലക്ഷ്മികുട്ടി, പാക്കത്ത് ശ്രീക്കുട്ടന്‍,, ശങ്കരംകുളങ്ങര ഉദയന്‍, ചെമ്പുക്കാവ് വിജയ്കണ്ണന്‍, പുത്തൂര്‍ ബാലകൃഷ്ണന്‍, ബ്രാഹ്‌മിണി ഗോവിന്ദന്‍കുട്ടി, തോളൂര്‍ വിജയലക്ഷ്മി, പൂതൃക്കോവ് സാവിത്രി എന്നീ ആനകളും ആനയൂട്ടിനെത്തി. പാറമേക്കാവ് ദേവസ്വം പ്രസിഡണ്ട് ഡോ.ബാലഗോപാല്‍, ജോ.സെക്രട്ടറി പി.വി.നന്ദകുമാര്‍, മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയന്‍ മാരാര്‍, പെരുവനം സതീശന്‍ മാരാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.