തൃശൂര്‍: ഗിരിജാ തിയേറ്ററില്‍ കുടുംബശ്രീയിലെ വാദ്യകലാകാരികളുടെ ശിങ്കാരിമേളം അകമ്പടിയായി സുരേഷ് ഗോപി നായകനായ ‘ഗരുഡ’ന് സ്ത്രീ കൂട്ടായ്മയുടെ വരവേല്‍പ്പ്. രാവിലെ ഒന്‍പതിന് സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു. ചിത്രം കാണാന്‍ എത്തിയ നായകന്‍ സുരേഷ് ഗോപിയെ തിയേറ്ററിന്റെ ഉടമ ഡോ.ഗിരിജ സ്വീകരിച്ചു. കേക്ക് മുറിച്ച് സുരേഷ് ഗോപി ഡോ.ഗിരിജയ്ക്കും, ചൈതന്യ പ്രകാശിനും മധുരം പങ്കിട്ടു.
വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്. എങ്കിലും തൃശൂര്‍ ഗിരിജയില്‍ മാത്രമാണ് ഇന്ന് സ്ത്രീ സിനിമാസ്വാദകര്‍ക്കായി പ്രത്യേക ഷോ നടത്തിയത്. നായകന്‍ സുരേഷ് ഗോപി കൂടി കാണിയായി എത്തുമെന്നറിഞ്ഞതോടെ ടിക്കറ്റിന് ആവശ്യക്കാര്‍ ഏറി.
നായകന്‍ സുരേഷ് ഗോപിക്ക് പുറമെ ബിജു മേനോന്‍, തലൈവാസല്‍ വിജയ്, അഭിരാമി, മാളവിക തുടങ്ങിയ പ്രമുഖ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു.
നിറഞ്ഞ സ്ത്രീസദസ്സ് കൈയടികളോടെയാണ് ചിത്രം കണ്ട് മടങ്ങിയത്. മികച്ച സസ്‌പെന്‍സും, ക്ലൈമാക്‌സുമാണ് ചിത്രത്തെ ഹിറ്റാക്കിയത്.
നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. വ്യത്യസ്തമായൊരു വേഷത്തിലെത്തിയ ബിജു മേനോനും ചിത്രത്തില്‍ തിളങ്ങി. ജെക്സ് ബിജോയ് യുടെ സംഗീതവും കാണികളെ ത്രസിപ്പിക്കുന്നതായി. രണ്ടാം പകുതിയിലാണ് തിരക്കഥയുടെ കെട്ടുറപ്പും, സംവിധായകന്റെ പ്രതിഭയും തെളിയിച്ച കൂടുതല്‍ രംഗങ്ങളെന്നും വിലയിരുത്തപ്പെടുന്നു.