Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം.

മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു.

സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജന്‍ഡ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും. ജയില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സ്ഥലത്തും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും.

ജയിലിനകത്ത് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളില്‍ പലരെയും ഇപ്പോള്‍ അതീവ സുരക്ഷാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് അന്തര്‍ സംസ്ഥാന ജയില്‍ മാറ്റം കൂടി ആലോചിക്കും. ജയിലുകളില്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. ജയിലിനകത്ത് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *