കൊച്ചി: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ച ഡ്രൈവറെ സ്ഥലംമാറ്റിയതില്‍ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി.മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ നടപടി. ഹര്‍ജിക്കാരനെ പൊന്‍കുന്നം യൂണിറ്റില്‍ തന്നെ ജോലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
ദീര്‍ഘദൂര ഡ്രൈവര്‍ കുടിവെള്ളം കരുതുന്നത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിന്റെ ആവശ്യം.
ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിനെ പൊന്‍കുന്നത്തുനിന്ന് പുതുക്കാടേക്ക് സ്ഥലം മാറ്റിയതില്‍ അപാകതയില്ല. ഡ്രൈവറുടെ സ്ഥലംമാറ്റം അച്ചടക്ക നടപടിയുടെ ഭാഗമാണ്, ജീവനക്കാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍ പാലിച്ചില്ല, ബസ് വൃത്തിയായി സൂക്ഷിക്കണം എന്ന നിര്‍ദേശം പാലിച്ചില്ല, യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും കെഎസ്ആര്‍ടിസി ന്യായീകരിച്ചു
എന്നാല്‍, ജെയ്‌മോന്‍ ജോസഫിനെ സ്ഥലംമാറ്റാനുള്ള തീരുമാനം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. കുപ്പി കണ്ടെത്തിയ സംഭവം സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാന്‍ തക്കവണ്ണമുള്ള കാരണമല്ലെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ചൂണ്ടിക്കാട്ടി.
ഞെട്ടിക്കുന്ന സംഭവം എന്നായിരുന്നു കോടതി നടപടിയെ പരാമര്‍ശിച്ചത്. കുപ്പിയില്‍ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ. വെളളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോള്‍ തക്കതായ കാരണം വേണം. അച്ചടക്ക പ്രശ്നങ്ങള്‍, ഭരണപരമായ കാരണങ്ങള്‍ തുടങ്ങി തക്കതായ കാരണങ്ങള്‍ക്ക് അച്ചടക്ക നടപടി ആകാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരില്‍ വച്ചായിരുന്നു സംഭവം.