Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു,ലൈസന്‍സി കസ്റ്റഡിയില്‍

വടക്കാഞ്ചേരി: കുണ്ടന്നൂരിലെ വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. ആലത്തൂര്‍ കാവശേരി സ്വദേശി മണികണ്ഠന്‍ (50) ആണ് മരിച്ചത്. സ്‌ഫോടനത്തില്‍ 90% പൊള്ളലേറ്റിരുന്നു. നില ഗുരുതരമായതിനാല്‍ ഇന്നലെ രാത്രി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ തൃശൂര്‍ മെഡി. കോളേജിലാണ് മരണം സംഭവിച്ചത്.

ഇന്നലെ വൈകീട്ടായിരുന്നു വെടിക്കെട്ടുപുരയില്‍ സ്‌ഫോടനം നന്നടത്. ശിവകാശിയില്‍നിന്നുള്ള അനേകം തൊഴിലാളികളുണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പ് അവരെല്ലാം കുളിക്കാന്‍ പോയിരുന്നു. മണികണ്ഠനും അവരുടെകൂടെ പോയിരുന്നെങ്കിലും സോപ്പ് എടുക്കാന്‍ മറന്ന് തിരിച്ചു വരുകയായിരുന്നുവെന്ന് പറയുന്നു. അപ്പോള്‍ വെടിക്കെട്ടുപുരയില്‍ തീപ്പൊരി കണ്ട മണികണ്ഠന്‍ വെള്ളമൊഴിക്കുകയും അമിട്ടിന്റെ കളര്‍ഗുളികകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ജില്ലയിലെ പ്രധാന വെടിക്കെട്ട് കരാറുകാരനായ കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ സ്ഥലത്താണ് പടക്കനിര്‍മ്മാണശാല. എന്നാല്‍, കുണ്ടന്നൂരിലെ ശ്രീനിവാസന്റെ പേരിലാണ് ലൈസന്‍സ്. സമീപത്തെ പൂരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമുള്ള വെടിക്കോപ്പുകളാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. കുണ്ടന്നൂര്‍ കര്‍മലമാതാ പള്ളിക്കു പിന്നിലെ വടക്കാഞ്ചേരിപ്പുഴയോരത്താണ് വെടിക്കെട്ടുപുരയുള്ളത്.

അപകടസ്ഥലത്ത് ശേഷിച്ചത് വലിയ കുഴി മാത്രമാണ്. പരിസരത്തെ തെങ്ങുകളെല്ലാം കത്തി.കുണ്ടന്നൂര്‍ പള്ളിക്കും സ്‌കൂളിനും കേടു സംഭവിച്ചിട്ടുണ്ട്. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ ശബ്ദം ഭയപ്പാടുണ്ടാക്കി.

കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടര്‍ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിക്കും. സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെടിക്കെട്ട് അപകടത്തില്‍ ലൈസന്‍സിയെയും സ്ഥലമുടമയെയും ഇന്നലെ തന്നെപൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലൈസന്‍സി ശ്രീനിവാസന്‍, സ്ഥലമുടമ സുന്ദരേശന്‍ എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോറന്‍സിക് വിഭാഗം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *