തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ് നിര്‍ണായക ഘട്ടത്തിലേക്ക്. അന്വേഷണത്തിലെ കണ്ടെത്തല്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കും. സിപിഎമ്മിനെ പ്രതി ചേര്‍ത്തതും പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും പൊലീസ് മേധാവിക്ക് കൈമാറും. പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും.
അതേസമയം, കരുവന്നൂരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നാല് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസ് അന്വേഷണം എങ്ങുമെത്താത്തതില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസ് ഫയലുകളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് എടുത്തുകൊണ്ട് പോയതുകൊണ്ടാണ് അന്വേഷണം മുന്നോട്ടുപോകാത്തതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി. ഈ നിലയില്‍ പോയാല്‍ കേസ് സിബിഐയ്ക്ക് കൈമാറേണ്ടിവരുമെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു.
കള്ളപ്പണക്കേസ് അന്വേഷിക്കുന്ന ഇ.ഡി രേഖകള്‍ മുഴുവന്‍ എടുത്തുകൊണ്ടുപോയതിനാലാണ് തങ്ങളുടെ അന്വേഷണത്തിന് തടസമുണ്ടായതെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ഒര്‍ജിനല്‍ രേഖകള്‍ കിട്ടിയാല്‍ മാത്രമേ അന്വേഷിക്കൂ എന്നാണ് നയമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. സാധാരണക്കാരുടെ പണമാണ് കൊള്ളചെയ്തത്. ഇപ്പോഴത്തെ നിലയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം കൂടി വേണ്ടിവരുമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് ഹാജരായി മറുപടി നല്‍കാനാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.