ഇടുക്കി: കട്ടപ്പന കുന്തളംപാറയില്‍ കനത്തമഴയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. അതിഭയങ്കര ശബ്ദത്തോടെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. 2019-ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് ഉരുള്‍പൊട്ടലുണ്ടായത്.ഇന്ന്്് വെളുപ്പിന് ഒന്നരയോടെയാണ് ഉരുള്‍പ്പൊട്ടിയത്. വീടുകള്‍ക്ക് മുന്നിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. ഉരുള്‍പ്പൊട്ടിയെത്തിയ പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. ആളപായമില്ല.
ഇടുക്കിയില്‍ വിവിധ മേഖലകളില്‍ ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നെടുങ്കണ്ടം കൂട്ടാറിലും ഉരുള്‍പ്പൊട്ടിയതായി സംശയമുണ്ട്. കനത്ത മലവെള്ളപ്പാച്ചിലില്‍ കൂട്ടാറില്‍ ട്രാവലര്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപോയിരുന്നു. കല്ലാര്‍ ഡാമിലെ ജലനരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉരുള്‍ഭീതിയില്‍ കട്ടപ്പന; റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി
