തൃശൂര്‍: കൈപ്പറമ്പ് നൈല്‍ ആശുപത്രിയിലെ നഴ്‌സുമാരെ പിരിച്ചുവിട്ടതിലും ഒത്തുതീര്‍പ്പ് ചര്‍ച്ചക്കിടെ നടന്ന മര്‍ദനത്തിലും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ജില്ലയിലെ സമ്പൂര്‍ണ പണിമിടുക്ക് ഇന്ന്. ജില്ലയിലെ 29 സ്വകാര്യ ആശുപത്രികളിലെ 3500ഓളം വരുന്ന നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
സര്‍ക്കാര്‍ ഭാഗത്തുനിന്നോ അധികൃതരുടെ ഭാഗത്തുനിന്നോ പ്രശ്‌നപരിഹാര നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണിതെന്ന് ജില്ല പ്രസിഡന്റ് ലിഫിന്‍ ജോണ്‍സനും സെക്രട്ടറി ലിജോ കുര്യനും അറിയിച്ചു. നടപടിയുണ്ടായില്ലെങ്കില്‍ സമരം സംസ്ഥാനമാകെ വ്യാപകമാക്കും.
ഇന്ന് പണിമുടക്കുന്ന നഴ്‌സുമാര്‍ പടിഞ്ഞാറേ കോട്ടയില്‍നിന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. ജൂലൈ 27നാണ് നഴ്‌സുമാരെ പിരിച്ചുവിട്ട സംഭവം ചര്‍ച്ച ചെയ്യാന്‍ ലേബര്‍ ഓഫിസിലെത്തിയ നഴ്‌സുമാരെ ആശുപത്രി ഉടമ മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്തിരുന്നു.
ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്നുമുതല്‍ നഴ്‌സുമാര്‍ പ്രതിഷേധത്തിലാണ്. തുടര്‍ന്ന് കലക്ടര്‍ ഇടപെടുകയും പൊലീസ് കമീഷണര്‍ നേരിട്ട് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. ഒരാഴ്ചക്കകം തീരുമാനമുണ്ടായില്ലെങ്കില്‍ ആഗസ്റ്റ് 10 മുതല്‍ ജില്ലയില്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്ന് യു.എന്‍.എ അന്ന് പ്രഖ്യാപിച്ചിരുന്നു. നഴ്‌സുമാരില്‍നിന്ന് വീണ്ടും മൊഴിയെടുത്തതല്ലാതെ കേസുമായി ബന്ധപ്പെട്ട് മറ്റൊരു നടപടിയുമുണ്ടായില്ലെന്ന് യു.എന്‍.എ ജില്ല നേതൃത്വം പറഞ്ഞു.