ദില്ലി: സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചിഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്ത് മതിയെന്ന് ബി ആര്‍ ഗവായ് പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം എംഎല്‍എ നടത്തുന്നുണ്ട്. പക്ഷേ അത് എല്ലാകാര്യത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കരുതെന്ന് ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു.
വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്. വിജിലന്‍സ് അന്വേഷണ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയും ഹൈക്കോടതിയുമാണ് മുന്‍പ് തള്ളിയിരുന്നത്. അതേസമയം എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28,29 തീയതികളില്‍ ദില്ലി ഹൈക്കോടതിയില്‍ നടക്കും. അതേസമയം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിതെന്നും മാസപ്പടിയില്‍ രാഷ്ട്രീയ നിയമ പോരാട്ടങ്ങള്‍ തുടരുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു