കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം കസ്റ്റംസ് വിട്ടുനല്‍കും. ബാങ്ക് ഗാരണ്ടിയിലാണ് വാഹനം വിട്ടുനല്‍കുക. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെയാണ് തീരുമാനം.
ദുല്‍ഖര്‍ സമര്‍പ്പിച്ച രേഖകളും കോടതി നടത്തിയ ചില നിരീക്ഷണങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് കസ്റ്റംസ് വാഹനം വിട്ടു നല്‍കാന്‍ തീരുമാനിച്ചത്. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാല്‍ ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് പുറത്തേക്ക് വാഹനങ്ങള്‍ കൊണ്ടുപോവരുത്, ആവശ്യപ്പെടുന്ന സാഹചര്യങ്ങളില്‍ വാഹനം ഹാജരാക്കണം എന്നിവയാണ് നിബന്ധനകള്‍. പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ തിരികെ വേണമെന്ന ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു.
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്‍ഖര്‍ കോടതിയെ സമീപിച്ചത്.
ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കും
